കോഴിക്കോട്: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. വീണയെ ചോദ്യം ചെയ്‌തതിൽ പുതുതായി ഒന്നുമില്ലെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ നേരത്തെ തന്നെ രാഷ്‌ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്നും റിയാസ് പറഞ്ഞു. ഇവിടെ നടന്ന പ്രചാരണം പല ഒത്തുതീർപ്പും നടക്കുന്നു എന്നായിരുന്നു. എന്തൊക്കെ പ്രചാരണമാണ് നടന്നത്. തൃശൂർ സീറ്റിന് വേണ്ടി ചില ഒത്തുതീർപ്പ് നടന്നുവെന്ന് പ്രചരിപ്പിച്ചു.
മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ ബിജെപിയും ആർഎസ്എസുമായി ഒത്തുതീർപ്പ് നടത്തുന്നുവെന്ന് പ്രചരിപ്പിച്ചു. ആ പ്രചാരണം നടത്തിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്? ഇതെല്ലാം സ്വാഭാവികമായി ജനം ചിന്തിക്കും. കേസിന്റെ രാഷ്‌ട്രീയ വാദങ്ങളെല്ലാം നേരത്തെ പറഞ്ഞതാണ്. ഇത്തരം വിഷയങ്ങളിൽ രാഷ്‌ട്രീയ അജണ്ട ഉണ്ടെന്നത് നേരത്തെ ചർച്ച ചെയ്‌തതാണ്. വിഷയത്തിൽ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. ആ നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും റിയാസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്‌ചയാണ് എസ്എഫ്ഐഒ ഉദ്യോഗസ്‌ഥൻ അരുൺ പ്രസാദ് ചെന്നൈയിൽ വെച്ച് വീണയുടെ മൊഴി രേഖപ്പെടുത്തിയത്. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്നാണ് കേസ്. രജിസ്‌റ്റർ ചെയ്‌ത് പത്ത് മാസത്തിന് ശേഷമാണ് വീണയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.
2017 മുതലാണ് എക്‌സാലോജിക്കിന് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി സേവനത്തിനാണ് പണം നൽകിയതെന്നാണ് സിഎംആർഎല്ലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. കമ്പനിക്ക് അനധികൃതമായി സർക്കാർ സേവനങ്ങൾ നൽകിയതിന്റെ പ്രതിഫലമായാണ് പണം നൽകിയതെന്നാണ് എതിർവാദം.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്