കൊച്ചി: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീണയെ ചോദ്യം ചെയ്‌തത് തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് വിഡി സതീശൻ പ്രതികരിച്ചു.
മാസപ്പടി കേസിൽ അന്വേഷണം പ്രഖ്യാപിച്ചിട്ട് പത്ത് മാസമായി. ചോദ്യം ചെയ്യൽ എന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. പത്ത് മാസമായി അന്വേഷണം നടക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. അടുത്തദിവസം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാർത്ത വന്നിട്ടുണ്ട്. അതിന് തൊട്ടുമുൻപ് സിപിഎമ്മും ബിജെപിയും നേർക്കുനേർ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിത്. കരുവന്നൂരിലും ഇങ്ങനെ ചെയ്‌തിട്ടാണ് തൃശൂർ ലോക്‌സഭാ സീറ്റിൽ അഡ്‌ജസ്‌റ്റ്‌മെന്റ് നടത്തിയത്.
മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിന്റെ മറവിലാണ് ഇപ്പോഴത്തെ അന്വേഷണം. യഥാർഥത്തിൽ ചോദ്യം ചെയ്‌തതാണെങ്കിൽ പോലും അത് നടപടിക്രമത്തിന്റെ ഭാഗമാണ്. സിപിഎം- ബിജെപി ബാന്ധവം കേരളത്തിൽ ഉണ്ടെന്ന യാഥാർഥ്യത്തെ ഇതുകൊണ്ടൊന്നും മറയ്‌ക്കാനാകില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ അതേ അഭ്യാസം തന്നെയാണ് ഇപ്പോഴും ആരംഭിച്ചിരിക്കുന്നത്.
ഒരു അന്വേഷണവും പിണറായി വിജയനെതിരെയോ സിപിഎമ്മിനെതിരെയോ കേന്ദ്ര ഏജൻസികൾ നടത്തില്ല. കുഴൽപ്പണ കേസിൽ സഹായിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസിലും സഹായിച്ചത്. രണ്ട് പ്രധാനപ്പെട്ട കേസുകളിൽ നിന്നാണ് സുരേന്ദ്രനെ സർക്കാർ രക്ഷിച്ചത്.
അങ്ങോട്ടും ഇങ്ങോട്ടും പുറംചൊറിഞ്ഞ് കൊടുക്കുകയാണ് സിപിഎമ്മും ബിജെപിയും. കേസിന്റെ നടപടി ക്രമത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലിനെ എങ്ങനെയാണ് ബിജെപി വേട്ടയാടൽ എന്ന് പറയുന്നത്? സതീശൻ ചോദിച്ചു. അതേസമയം, കേരളത്തിലെ മൂന്ന് സീറ്റുകളിലും തിരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസും യുഡിഎഫും സജ്‌ജമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ