പനമരം : രോഗിയുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ ആദ്യം നോക്കേണ്ടത് തെരുവുനായയുടെ കടിയേല്‍ക്കാതെ സൂക്ഷിക്കുകയാണ്. സംഭവം വയനാട്ടിലെ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ്. നിരന്തരമായി തുടരുന്ന തെരുവ് നായകളുടെ ശല്യം ആശുപത്രിയില്‍ രോഗികള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ആശുപത്രി വികസന യോഗത്തില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെ ഇന്നലെ ഒരു രോഗിക്ക് നായയുടെ കടിയേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി പരിസരത്ത് ഇതിനെച്ചൊല്ലി സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.
ആശുപത്രി പരിസരത്ത് സ്ഥിരം താമസക്കാരായ തെരുവുനായകള്‍ രോഗികളെയും രോഗികളുടെ കൂടെ എത്തുന്ന ആളുകളെയും ആക്രമിക്കുന്നത് ഇപ്പോള്‍ ഇവിടെ പതിവാണ്. ആശുപത്രി വരാന്തയിലും, ഒപി ടിക്കറ്റ് കൗണ്ടറിലും തുടങ്ങി വാര്‍ഡുകളില്‍ പോലും നായകള്‍ സ്ഥിരം കറങ്ങി നടക്കാറുണ്ട് എന്നാണ് നാട്ടുകാരുടെ പരാതി. ആശുപത്രിയില്‍ എത്തുന്ന ആളുകള്‍ക്ക് നേരെ ചാടി വീഴുകയും അവരെ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നത് നിരന്തരമായതോടെ നാട്ടുകാര്‍ പരാതികള്‍ നല്കി തുടങ്ങിയെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല. ആശുപത്രി പരിസരത്തു നിന്നും നായകളെ തുരത്തണമെന്ന ആവശ്യവുമായി വീണ്ടും നാട്ടുകാര്‍ ആശുപത്രി അധികൃതരെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇനിയും ഇതില്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.





































