കോഴിക്കോട് : ജില്ലയിലെ വടകര നഗരത്തിൽ ഉൾപ്പടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പേപ്പട്ടിയുടെ ശല്യവും കൂടിവരുന്ന പശ്‌ചാത്തലത്തിൽ ആളുകൾ കൂടുതൽ ബുദ്ധിമുട്ടിലാകുകയാണ്. മണിയൂർ പഞ്ചായത്തിലെ വിവിധ ഭാഗത്ത് പേപ്പട്ടി കടിച്ച് പരുക്കേറ്റ 18 പേർ ഇപ്പോഴും ചികിൽസയിലാണ്. കൂടാതെ ചോറോട് ഈസ്‌റ്റിൽ മാങ്ങോട്ടു പാറ, മഠത്തിൽ മുക്ക്, വൈക്കിലശേരി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് തെരുവുനായയുടെ കടി ഏറ്റിരുന്നു.
തെരുവ് നായകളുടെ ശല്യം പ്രതിദിനം രൂക്ഷമാകുന്നതോടെ കുട്ടികളുൾപ്പടെ ഉള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്‌ഥിതിയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഇതിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് വൈക്കിലശേരി മേഖല കമ്മിറ്റിയും രംഗത്തെത്തി. വടകരയിൽ ജില്ലാ ആശുപത്രിയുടെ സമീപത്തും തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. ഇതിനാൽ തന്നെ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും വലിയ ഭീതിയാണ് ഇവ സൃഷ്‌ടിക്കുന്നത്.
സിവിൽ സ്‌റ്റേഷൻ പരിസരത്ത് നായശല്യം രൂക്ഷമായതോടെ ഇവിടെ രാത്രി പ്രവർത്തിക്കുന്ന എക്‌സൈസ്, സമീപത്തെ സബ് ജയിൽ എന്നിവിടങ്ങളിലെ ജീവനക്കാരും മറ്റു ഓഫിസുകളിലെ രാത്രി കാവൽക്കാരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം തന്നെയുള്ള മൽസ്യ-ഇറച്ചി അവശിഷ്‌ടങ്ങൾ ഭക്ഷിച്ച് പരിസരങ്ങളിൽ തമ്പടിക്കുന്ന നായകളാണ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. നിരവധി ആളുകൾക്കാണ് ഈയിടെയായി ഇവിടെ തെരുവുനായകളുടെ ആക്രമണം ഉണ്ടായത്.
Read also : ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി