ഇടുക്കി: ആർടിപിസിആർ പരിശോധന ഫലമില്ലാതെ കേരളത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ കടക്കുന്നത് തടയാൻ കർശന പരിശോധന ആരംഭിച്ച് പോലീസ്. ഇന്നലെ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ ആർടിപിസിആർ പരിശോധന ഇല്ലാതെ കേരളത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ഇന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പോലീസും, റവന്യു ഉദ്യോഗസ്‌ഥരും ചേർന്നാണ് ഇടുക്കിയിലെ കുമളിയിൽ പരിശോധന നടത്തുന്നത്.
100ലേറെ സ്‌ത്രീ തൊഴിലാളികളാണ് ഇന്നലെ പരിശോധന നടത്താതെ കേരളത്തിലേക്ക് പ്രവേശിച്ചത്. നിലവിൽ ആർടിപിസിആർ ഫലമില്ലാത്ത ആളുകളെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്നാണ് നിയമം. ഇന്നലെ വന്ന തൊഴിലാളികളിൽ മിക്കവരും പരിശോധന നടത്തിയിട്ടുമില്ല. എന്നാൽ തൊഴിലാളികൾ കൂട്ടമായി എത്തിയതോടെ പോലീസിന് ഇവരെ പരിശോധന നടത്താതെ കടത്തിവിടേണ്ടി വന്നു.
ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇന്നലെ പരിശോധന നടത്താതെ അതിർത്തി കടന്നത്. ഇവരെ തടഞ്ഞാൽ ഇരു സംസ്‌ഥാനങ്ങളും തമ്മിൽ ഉണ്ടാകുന്ന സംഘർഷം കണക്കിലെടുത്താണ് പോലീസ് ഇവരെ കടത്തിവിട്ടത്. എന്നാൽ ഇന്ന് മുതൽ പരിശോധന നടത്താത്ത ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് കേരള പോലീസും റവന്യു അധികൃതരും തമിഴ്‌നാട് പോലീസിനെ അറിയിച്ചിട്ടുണ്ട്.
Read also: അഫ്‌ഗാൻ വിഷയം; ഒഴിപ്പിക്കൽ നടപടി 31ന് പൂർത്തിയാക്കും, നാളെ സർവകക്ഷി യോഗം








































