ചെന്നൈ: കേരളത്തിൽ നിന്നും സംസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് പരിശോധന കടുപ്പിച്ച് തമിഴ്നാട്. ഇന്ന് മുതൽ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധന നടത്തും. കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന ആർടിപിസിആർ സർട്ടിഫിക്കറ്റോ, കോവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാത്ത ആളുകളെ റെയിൽവേ സ്റ്റേഷനുകളിൽ തടയും.
കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താൻ തമിഴ്നാട് ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ടെത്തി. രാവിലെ 5.50ഓടെയാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ആരോഗ്യമന്ത്രിയും ഒപ്പം ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചത്. ആലപ്പി എക്സ്പ്രസിൽ കേരളത്തിൽ നിന്നും എത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രി നേതൃത്വം നൽകി.
കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ഈ മാസം 5ആം തീയതി മുതലാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ ഫലമോ, വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കി തമിഴ്നാട് ഉത്തരവിറക്കിയത്. നിലവിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനൊപ്പം മറ്റ് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
Read also: മഹാരാഷ്ട്രയിൽ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകൾ ആഗസ്റ്റ് 15 മുതല്‍; മുഖ്യമന്ത്രി






































