ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ ലോക്ക്ഡൗൺ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സംസ്‌ഥാനത്ത് ജനജീവിതം സാധാരണനിലയിലേക്ക് മാറുകയാണ്.
സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിലും മറ്റു കടകളിലും 50 ശതമാനം ആളുകളെന്ന നിയന്ത്രണം നീക്കി.
നഴ്‌സറി ക്ളാസുകൾ രണ്ടുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്നുമുതൽ പുനഃരാരംഭിക്കും. ഇതോടെ എൽകെജി, യുകെജി ക്ളാസുകളും പ്ളേ സ്‌കൂളുകളും പ്രവർത്തനം തുടങ്ങും.
വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 100ൽ നിന്ന് 200 ആയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50ൽ നിന്ന് 100 ആയും ഉയർത്തി.
അതേസമയം രാഷ്‌ട്രീയ- മത-സാംസ്‌കാരിക സമ്മേളനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും. എന്നിരുന്നാലും നാമമാത്ര നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.
തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ പുതിയ ഇളവുകളോടെ മാർച്ച് രണ്ടുവരെ നീട്ടിയിരിക്കുകയാണ്. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെയാണ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയത്.
Most Read: വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ സിപിഎമ്മിന് അതൃപ്‌തി