തിരുവനന്തപുരം: വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തി അറിയിച്ച് സിപിഎം. മുൻ എൽഡിഎഫ് സർക്കാരുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വൈദ്യുതി വകുപ്പിന്റെ പ്രകടനം പോരാ എന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
ഘടകകക്ഷി മന്ത്രിക്കെതിരെ സിഐടിയു സംസ്‌ഥാന സെക്രട്ടറി നടത്തിയ വിമർശനം യാദൃശ്‌ചികമല്ലെന്നാണ് സൂചന. കെഎസ്‌ഇബി ചെയർമാന്റെ നടപടികൾക്ക് എതിരെയായിരുന്നു സമരമെങ്കിലും കടുത്ത വിമർശനമാണ് ഘടകകക്ഷി മന്ത്രി നേരിട്ടത്. ഈ വിമർശനം യാദൃശ്‌ചികമായി കാണാനാകില്ല. 1996ൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായ കാലം തൊട്ടിങ്ങോട്ട് എൽഡിഎഫ് ഭരണകാലത്തെ വൈദ്യുതി വകുപ്പ് മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
പവർ കട്ടില്ലാത്ത സംസ്‌ഥാനം എന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന്റെ നേട്ടമായി പ്രചരിപ്പിക്കുകയും ചെയ്‌തു. എന്നാൽ, ഇത്തവണ വകുപ്പ് ജെഡിഎസിന് കൈമാറിയ ശേഷം സ്‌ഥിതി മാറിയെന്ന അഭിപ്രായമാണ് സിപിഎമ്മിൽ ഉയരുന്നത്. ഭാവിയിലേക്കുള്ള വർധിച്ച് വരുന്ന ഊർജാവശ്യം നേരിടുന്നതിന് ഫലപ്രദമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തപ്പെടുന്ന സിപിഎം സമ്മേളന കാലയളവിൽ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് അതിനാൽ പ്രാധാന്യം ഏറെയുണ്ട്. ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തേതെന്നും ഉടൻ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരു സിപിഎം നേതാവ് പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിലയിരുത്തലുകളിലേക്ക് പാർട്ടി കടന്നിട്ടില്ല. ഇതിനിടെ കെഎസ്‌ഇബി ഭൂമി വിനിയോഗവുമായി ബന്ധപ്പെട്ട് ബോർഡ് ചെയർമാൻ നടത്തിയ വെളിപ്പെടുത്തലുകൾ സിപിഎമ്മിനെ വെട്ടിലാക്കുകയും ചെയ്‌തു.
Also Read: മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിനെതിരെ കുരുക്ക്