കോഴിക്കോട്: ബീച്ചുകളിലും റോഡരികിലും ചെറിയ കടകളിൽ സ്‌ഫടിക കുപ്പികളിൽ നിറച്ചുവെച്ചിരിക്കുന്ന ഉപ്പിലിട്ടത് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇത് കണ്ടവർ ഒന്നെങ്കിലും വാങ്ങി കഴിക്കാതെ പോകാറില്ല. എരിവുള്ള ആപ്പിളും കൈതച്ചക്കയും മാങ്ങയും വലിയ തോതിൽ ഇവിടെ വിറ്റഴിക്കപ്പെടാറുണ്ട്.
ഇത്ര മധുരമുള്ള പഴങ്ങളിൽ എങ്ങനെയാണ് നന്നായി ഉപ്പുപിടിക്കുന്നതെന്ന് പലർക്കും സംശയം കാണും. ഇതിന്റെ ഉത്തരമാണ് ഞായറാഴ്‌ച കോഴിക്കോട് വരക്കൽ ബീച്ചിൽ രണ്ടുകുട്ടികൾക്കുണ്ടായ ദുരനുഭവം. ബീച്ചിലെത്തി ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ഒരു കുട്ടി കുടിച്ചത് ആസിഡായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കുട്ടിയുടെ ഛർദിൽ ദേഹത്ത് വീണ മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു.
തുടർന്ന് ഭക്ഷ്യ ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പഴങ്ങൾ പെട്ടെന്ന് ഉപ്പ് പിടിക്കാൻ ആസിഡ് പ്രയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇത്തരം ഉപ്പിലിട്ടതിനെതിരെ പലതവണ ഭക്ഷ്യ സുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവുമെല്ലാം മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും, വ്യാപകമായി തന്നെ ഇവ വിറ്റുപോവുകയാണ്. ഉപ്പുപിടിക്കാൻ സഹായിക്കുന്ന വീര്യം കൂടിയ അസറ്റിക് ആസിഡ് നേർപ്പിക്കാതെ പോലും ഉപയോഗിക്കുന്നതായി ഉദ്യോഗസ്‌ഥർക്ക് സംശയമുണ്ട്.
പലരും ആസിഡ് രഹസ്യമായി സൂക്ഷിക്കുന്നുണ്ടെന്നാണ് വിവരം. കുട്ടികൾക്ക് പൊള്ളലേൽക്കാൻ കാരണമായത് അസറ്റിക് ആസിഡാണോ എന്നറിയാൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യം തെളിഞ്ഞാൽ ശക്‌തമായ നടപടിയുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരുംദിവസങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പോലീസിന്റെ വ്യാപക പരിശോധന നടക്കും.
ഞായറാഴ്‌ച വൈകിട്ടാണ് മദ്രസ പഠനയാത്രയുടെ ഭാഗമായി കാസർഗോഡ് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർ കോഴിക്കോട് വരക്കൽ ബീച്ചിലെത്തിയത്. ഇവിടെ നിന്ന് ഉപ്പിലിട്ട പൈനാപ്പിൾ വാങ്ങി കഴിച്ച് എരിവ് സഹിക്കാനാകാതെ വന്നപ്പോൾ തൊട്ടടുത്ത് മിനറൽ വാട്ടർ കുപ്പിയിലിരുന്ന ദ്രാവകം വെള്ളമാണെന്ന് കരുതി കുടിക്കുകയായിരുന്നു. ഇത് കുടിച്ച മുഹമ്മദിന് പെട്ടെന്ന് അസ്വസ്‌ഥത തോന്നുകയും പെട്ടെന്ന് തുപ്പുകയും ചെയ്‌തു. ഇത് സാബിദിന്റെ ദേഹത്ത് വീണു. ഇരുവർക്കും കടുത്ത പൊള്ളലേറ്റിട്ടുണ്ട്.
ആസിഡ് കുടിച്ചയുടൻ മുഹമ്മദിന്റെ ശ്വാസം നിന്നുപോയെന്ന് സഹോദരൻ പറയുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിനാഗിരി കുടിച്ചതാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് നാട്ടിലേക്ക് മടങ്ങിയ കുട്ടികൾ അസ്വസ്‌ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കാസർഗോഡ് ആശുപത്രിയിലേക്ക് മാറ്റി. പുറത്ത് പൊള്ളലേറ്റ സാബിദിന്റെ ദേഹത്തെ തൊലി കറുത്ത് പോയിട്ടുണ്ട്.
മുഹമ്മദിന്റെ വായിലും അന്നനാളത്തിലും പൊള്ളലേറ്റ് കുമിളകൾ ഉണ്ടായതിനാൽ എൻഡോസ്‌കോപ്പി ചെയ്യാനാവുന്നില്ലെന്ന് ഡോക്‌ടർമാർ പറയുന്നു. കൂടുതൽ പൊള്ളലേറ്റോ എന്ന് ഇതുവരെ വ്യക്‌തമായിട്ടില്ലെന്നും മുഹമ്മദിന്റെ വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് കുട്ടികളുടെ വീട്ടുകാരുടെ തീരുമാനം.
Also Read: വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ