കോവിഡിൽ നിന്ന് രക്ഷനേടാൻ രണ്ടുവർഷമായി മാസ്‌ക് ലോകജനതയുടെ ജീവിതചര്യകളിൽ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. വൈറസ് പുതിയ രൂപത്തിലും ഭാവത്തിലും എത്തുമ്പോൾ പുതിയ പ്രതിരോധ മാർഗങ്ങൾ തേടുകയാണ് അധികൃതർ. ഇതിനിടെ, മാസ്‌കിലും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന തിരക്കിലാണ് ദക്ഷിണ കൊറിയ.
മൂക്ക് മാത്രം മറയ്‌ക്കുന്ന മാസ്‌ക് ആണ് ഇപ്പോൾ ദക്ഷിണ കൊറിയൻ കമ്പനിയായ ‘ആത്‌മൻ’ പുറത്തിറക്കിയിരിക്കുന്നത്. ‘കോസ്‌ക്’ എന്നാണ് പുതിയ മാസ്‌കിന്റെ പേര്. മൂക്ക് എന്നർഥം വരുന്ന ‘കോ’ എന്ന കൊറിയൻ പദവും മാസ്‌കും കൂട്ടിച്ചേർത്താണ് ‘കോസ്‌ക്’ എന്ന പേര് നൽകിയത്. 9,800 വോൺ (ഏകദേശം 610.84 രൂപ) ആണ് ഒരു ബോക്‌സ് കോസ്‌ക്കിന്റെ വില. രണ്ട് ഭാഗമായാണ് ഈ മാസ്‌ക് ലഭിക്കുക. താഴത്തെ ഭാഗം ഊരി മാറ്റി ഭക്ഷണവും മറ്റും കഴിക്കാം. ഇതിനായി മൂക്ക് മൂടിയിരിക്കുന്ന മാസ്‌കിന്റെ ഭാഗം മാറ്റുകയും വേണ്ട.
അതേസമയം, എല്ലായ്‌പ്പോഴും മൂക്ക് മാത്രം മറയ്‌ക്കുന്ന ‘കോപ്പർ ആന്റിവൈറസ് നോസ് മാസ്‌ക്കുകളും’ കൊറിയയിൽ സുലഭമാണ്. വ്യത്യസ്‌ത നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകും. കൊറിയയുടെ അസാധാരണമായ മാസ്‌കുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ട്രോളുകളുടെ പെരുമഴയാണ് കൊറിയയുടെ ‘കോസ്‌കിന്’ ലഭിക്കുന്നത്.
‘വേറെ ലെവൽ മണ്ടത്തരം’ എന്ന തലക്കെട്ടോടെയാണ് പലരും കോസ്‌കിന്റെ ചിത്രം ഷെയർ ചെയ്യുന്നത്. വായിൽ കൂടി വൈറസ് കയറില്ലേ എന്നാണ് മറ്റ് ചിലരുടെ ചോദ്യം. മാസ്‌ക് മൂക്കിന് താഴെ വെച്ച് നടക്കുന്നവർക്ക് സഹായകമാകുമെന്ന് പറയുന്നവരും കുറവല്ല.
എങ്കിലും, കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കാൻ ഏറ്റവും എളുപ്പമുള്ള വഴി മൂക്കാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നതിനാൽ കോസ്‌കിനെ പരിഹസിച്ച് തള്ളേണ്ട കാര്യമില്ലെന്നാണ് ഗവേഷകർ പറയുന്നത്. ‘മൂക്ക് മാത്രം മറയ്‌ക്കുന്ന മാസ്‌കുകൾ ഒരു “വിചിത്രമായ ആശയമാണ്”, എങ്കിലും മാസ്‌ക് ധരിക്കാതിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ്’; ഓസ്‌ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്‌സിറ്റിയുടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ട്രാൻസ്‌ഫോർമേഷനിലെ എപ്പിഡെമിയോളജി ചെയർ പ്രൊഫസർ കാതറിൻ ബെന്നറ്റ് പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,907 പുതിയ കോവിഡ് കേസുകളാണ് ദക്ഷിണ കൊറിയയിൽ റിപ്പോർട് ചെയ്‌തത്. ഒമൈക്രോൺ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് കോസ്‌കിന്റെ രംഗപ്രവേശനം. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ തുടരുമ്പോഴും പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള ശ്രമങ്ങളുടെ പിന്നാലെയാണ് കൊറിയയിലെ ഗവേഷകർ.
Most Read: ഉരുളക്കിഴങ്ങുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ ഫേസ് പാക്കുകൾ