കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ജിൻസനെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകൾ പുറത്ത്. ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ എന്നയാൾ വഴി രാമൻപിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോ റിപ്പോർട്ടർ ടിവി പുറത്തുവിട്ടു.
ദിലീപ് പറഞ്ഞിട്ടായിരിക്കും രാമൻപിള്ള തന്നെ വിളിച്ച് ജിൻസനോട് കാര്യങ്ങൾ സംസാരിക്കാൻ ആവശ്യപ്പെട്ടതെന്ന് നാസർ പറയുന്നത് ഓഡിയോയിൽ വ്യക്‌തമായി കേൾക്കാം. നടി ആക്രമണ കേസിലെ നിർണായക സാക്ഷിയാണ് ജിൻസൻ. ഇയാൾ കൂറുമാറിയാൽ അത് ദിലീപിന് ഗുണകരമായിരിക്കും. ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാത്തത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കാര്യം പുറത്താകും എന്നതിനാലാവുമെന്നും രാമൻപിള്ളയോട് നേരിട്ട് വിളിക്കാൻ പറയെന്നും ജിൻസൻ മറുപടി പറയുന്നുണ്ട്.
25 ലക്ഷം രൂപ മിനിമം ലഭിക്കുമെന്ന പ്രതീക്ഷയാണ് ജിൻസൻ പങ്കുവെക്കുന്നത്. അഞ്ച് സെന്റ് വസ്‌തു കിട്ടുന്ന മാർഗമാണിതെന്നും നാസർ പറയുന്നുണ്ട്. പൾസർ സുനിയെ നമുക്ക് പിന്നീട് ഇറക്കാമെന്നും നാസർ പറയുന്നുണ്ട്. ജിൻസനെ സ്വാധീനിക്കാൻ ശ്രമിച്ചത് സംബന്ധിച്ച് കേസ് നിലനിൽക്കുന്നുണ്ട്. ക്രൈംബ്രാഞ്ചാണ് ഇക്കാര്യം അന്വേഷിക്കുന്നത്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ വിചാരണ അട്ടിമറിക്കാൻ രൂപം നൽകിയതാണ് തനിക്കെതിരെയുള്ള പുതിയ ‘കൊലപ്പെടുത്തൽ ഗൂഢാലോചന കേസ്’ എന്നും ഗൂഢലക്ഷ്യത്തോടെ തയാറാക്കിയ ഈ എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ എത്തിയത്.
കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ ഗൂഢാലോചനകേസ് അന്വേഷിക്കാനായി സിബിഐയെ ഏൽപ്പിക്കണമെന്നും ദിലീപ് ഹരജിയിൽ അഭ്യർഥിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നത് വ്യാജമായ ആരോപണം മാത്രമാണെന്നും അഭിഭാഷകൻ ബി രാമൻ പിള്ള മുഖേന ഫയൽ ചെയ്‌ത ഹരജിയിൽ ദിലീപ് പറയുന്നു.
Also Read: ഉപ്പിലിട്ട സാധനങ്ങളിൽ വീര്യം കൂടിയ ആസിഡ്; ജീവന് ഭീഷണി