പാലക്കാട്: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്നാട്. 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ പരിശോധന ഫലമോ, രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കുന്ന ആളുകൾക്ക് മാത്രമാണ് നിലവിൽ തമിഴ്നാട്ടിലേക്കും പ്രവേശനം അനുവദിക്കുന്നത്. കൂടാതെ തമിഴ്നാടിന്റെ കോവിഡ് പോർട്ടലിൽ രജിസ്ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്.
വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണ്ണി, മീനാക്ഷീപുരം, ഗോവിന്ദാപുരം, ആനക്കട്ടി ചെക്ക്പോസ്റ്റുകളിലും ഇന്ന് മുതൽ പരിശോധന കർശനമായിരുന്നു. അതേസമയം കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. കൂടാതെ പെർമിറ്റുള്ള വാഹനങ്ങൾക്ക് അതിർത്തി കടക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകൾ വാളയാർ വരെയാണ് സർവീസ് നടത്തുന്നത്.
തമിഴ്നാടിനൊപ്പം തന്നെ വാളയാർ അതിർത്തിയിൽ കേരളവും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഇ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വാളയാറിൽ പ്രവേശനം അനുവദിക്കുന്നത്. കൂടാതെ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഥിതി തൊഴിലാളികൾ സംഘമായി എത്തുമ്പോൾ അവരെ ആന്റിജൻ പരിശോധനക്ക് വിധേയരാക്കിയ ശേഷം മാത്രമാണ് അതിർത്തി കടക്കാൻ അനുമതി നൽകുന്നത്. ഇതിനായി ജില്ലാ ആശുപത്രിയിലെ മൊബൈൽ ലാബ് വാളയാറിൽ സജ്ജമാക്കിയിട്ടുണ്ട്.
Read also : സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം







































