കുവൈറ്റ് സിറ്റി: ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ കുവൈറ്റില്‍ പരിശോധന തുടരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിൽ നിര്‍ത്തിവെച്ചിരുന്ന പരിശോധന രാജ്യത്ത് ശക്തമായി തിരിച്ചെത്തുകയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് ദിവസത്തിനിടെ 406 പേരാണ് കുവൈറ്റിൽ പിടിയിലായത്. ഹവല്ലി ഗവര്‍ണറേറ്റിൽ വ്യാഴാഴ്ച നടന്ന പരിശോധനയിൽ നുഗ്റ ഭാഗത്തുനിന്ന് 118 പേരെ പിടികൂടി. ഇതില്‍ 12 പേര് വിസാ കാലാവധി കഴിഞ്ഞവരും 93 പേര് തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്തവരും ഒൻപതുപേര് പിടികിട്ടാപുള്ളികളും ആയിരുന്നു. കൂടാതെ ആൾമാറാട്ടം നടത്തിയ ഒരാളെയും മയക്കുമരുന്നുമായി രണ്ടുപേരെയും മദ്യവുമായി ഒരാളെയും പിടികൂടി.
ബുധനാഴ്ച ഫഹാഹീല്‍, സബ്ഹാന് എന്നിവിടങ്ങളില്‍ നിന്ന് 192 പേരെയും ചൊവ്വാഴ്ച ബിനീദ് അല്‍ ഗാറില്‍ നിന്ന് 96 പേരെയും പിടികൂടിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ റെയ്ഡ് സജീവമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പല തവണ ഇളവുകള്‍ നല്‍കിയിട്ടും താമസം നിയമ വിധേയമാക്കാത്ത വിദേശികളെ പ്രത്യേക ക്യാംപയിനിലൂടെ പിടികൂടാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
അതേസമയം രേഖകള്‍ ഇല്ലാതെ പിടിയിലാകുന്ന വിദേശികള്‍ക്ക് യാതൊരുവിധ ഇളവും നല്‍കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
Most Read: തെലങ്കാന കോൺഗ്രസ് നേതാവിന്റെ ‘കഴുത’ പരാമർശം; മാപ്പ് സ്വീകരിച്ച് തരൂർ








































