ന്യൂഡല്‍ഹി: വിവാദമായ ‘ബിന്ദാസ് ബോല്‍’ പരിപാടിയുടെ ശേഷിക്കുന്ന എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യാന്‍ സുദര്‍ശന്‍ ടിവിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. പരിഷ്‌കാരങ്ങള്‍ വരുത്തിയും മിതത്വം പാലിച്ചും പരിപാടി സംപ്രേഷണം ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. യുപിഎസിയിലേക്ക് മുസ്‌ലിങ്ങള്‍ നുഴഞ്ഞു കയറുന്നു എന്നായിരുന്നു പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നത്.
ആഗസ്‌റ്റ് 28ന് സംപ്രേഷണം ചെയ്‌ത ഒരു എപ്പിസോഡില്‍ രാജ്യത്തെ സിവില്‍ സര്‍വീസുകളില്‍ മുസ്‌ലിങ്ങള്‍ എത്തി ബ്യൂറോക്രസിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന് സുദര്‍ശന്‍ ടിവി ആക്ഷേപിച്ചിരുന്നു. എപ്പിസോഡ് പുറത്തുവന്നതിന് ശേഷം സുദർശൻ ടിവിക്ക് കടുത്ത വിമര്‍ശനമാണ് നേരിട്ടത്.
ശേഷം വിവിധ സംഘടനകളും വ്യക്‌തികളും പരിപാടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയിലാണ് ബിന്ദാസ് ബോല്‍ പരിപാടിയുടെ ഉള്ളടക്കമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തുടര്‍ന്ന് പരിപാടിക്ക് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്‌തു.
ഒരു സമുദായത്തിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ വരും എപ്പിസോഡുകളില്‍ ഉണ്ടാകില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ പരിപാടിയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കാൻ സാധിക്കൂ എന്നും സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.
Read also: സിബിഐ അന്വേഷണത്തിന് സംസ്‌ഥാന സര്‍ക്കാര്‍ അനുമതി വേണം; സുപ്രീംകോടതി