വാഷിങ്ടൻ: ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക്. ഇരുവരുമായുള്ള യാത്രാപേടകം രാവിലെ 10.30ന് ബഹിരാകാശ നിലയം (ഐഎസ്എസ്) വിടും. നാളെ പുലർച്ചെ 3.30ന് ഭൂമിയിൽ എത്തുമെന്നാണ് നിഗമനം.
നിലവിൽ ഐഎസ്എസിൽ ഡോക് ചെയ്തിട്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിലാണ് സുനിതയുടെ മടക്കം. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ യാത്രികരും ഒപ്പമുണ്ട്. ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്നതാണ് (ഹാച്ചിങ് ക്ളോഷർ) ആദ്യഘട്ടം. നിലയവുമായി വേർപെടാനുള്ള ഒരുക്കത്തിൽ അതിനിർണായക ഘട്ടമാണിത്.
10.30ന് അൺഡോക്കിങ് പൂർണമാകും. നിലയവുമായുള്ള ബന്ധം വേർപെടുത്തി പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കും. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഭൂമിയിൽ വരുന്ന തീയതിയിലും സമയത്തിലും മാറ്റം വരാമെന്ന് നാസ അറിയിച്ചു. നാളെ ഇന്ത്യൻ സമയം പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയ. വേഗം കുറച്ച് അന്തരീക്ഷത്തിലേക്ക് ഡ്രാഗൺ പേടകം പ്രവേശിക്കും.
പുലർച്ചെ 3.30ന് പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ ആയിരിക്കും പേടകം പതിക്കുക. പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി.
പത്ത് ദിവസത്തെ ദൗത്യത്തിനായി 2014 ജൂൺ അഞ്ചിനാണ് സുനിതയും വിൽമോറും നിലയിലെത്തിയത്. ക്രൂ ഫ്ളൈറ്റിന്റെ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രോപ്പൽഷനിൽ തകരാർ സംഭവിച്ചിരുന്നു. ഇതോടെ ഇവരുടെ ഭൂമിയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി.
Most Read| വരുന്നു സിനിമക്ക് ‘വ്യവസായ’ പരിഗണനയും സര്ക്കാറിന്റെ ഇ-ടിക്കറ്റിങ്ങും