സർക്കാരിനും ഇഡിക്കും തിരിച്ചടി; കെഎം ഷാജിക്കെതിരായ അപ്പീലുകൾ സുപ്രീം കോടതി തള്ളി

കെഎം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം റദ്ദാക്കിയതിനെതിരെ സംസ്‌ഥാന സർക്കാർ നൽകിയ ഹരജിയും കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കിയതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച ഹരജിയുമാണ് സുപ്രീം കോടതി തള്ളിയത്.

By Senior Reporter, Malabar News
km-shaji-about-election-defeat
KM Shaji
Ajwa Travels

ന്യൂഡെൽഹി: പ്ളസ് ടു കോഴക്കേസിൽ മുൻ എംഎൽഎയും മുസ്‌ലീ ലീ​ഗ് നേതാവുമായ കെഎം ഷാജിക്ക് ആശ്വാസം. കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിക്കെതിരായി സംസ്‌ഥാന സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതി തള്ളി.

കെഎം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം റദ്ദാക്കിയതിനെതിരെ സംസ്‌ഥാന സർക്കാർ നൽകിയ ഹരജിയും കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച ഹരജിയുമാണ് സുപ്രീം കോടതി തള്ളിയത്.

ഇതോടെ പ്ളസ് ടു കോഴക്കേസിൽ സർക്കാരിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും കനത്ത തിരിച്ചടി ആയിരിക്കുകയാണ്. എന്ത് തരം കേസാണ് ഇതെന്ന പരാമർശത്തോടെയാണ് ജസ്‌റ്റിസുമാരായ അഭയ് എസ് ഓക, അഗസ്‌റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഹരജികൾ തള്ളിയത്. കേസിൽ ഇതുവരെ വിജിലൻസ് രേഖപ്പെടുത്തിയ 54 പേരുടെയും മൊഴികൾ പരിശോധിച്ച ശേഷമായിരുന്നു കോടതി നടപടി.

മൊഴി നൽകിയവരിൽ ഏതെങ്കിലും ഒരു വ്യക്‌തി ഷാജി പണം ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും പണം വാങ്ങിയോയെന്നും മൊഴി നൽകിയിട്ടുണ്ടോയെന്ന് സുപ്രീം കോടതി ആരാഞ്ഞു. അത്തരം ഒരു മൊഴിയുണ്ടെങ്കിൽ അത് കാണിക്കാൻ സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേട്ടുകേൾവിയുടെ അടിസ്‌ഥാനത്തിൽ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, അന്വേഷണം പൂർത്തിയായിട്ടില്ലെന്നും, കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. വിചാരണാ കോടതിയാണ് ഷാജി കുറ്റക്കാരൻ ആണോ അല്ലയോ എന്ന് കണ്ടത്തേണ്ടതെന്നും സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. എന്നാൽ, ഈ ആവശ്യം അംഗീകരിച്ചാൽ ഏതൊരു രാഷ്‌ട്രീയക്കാരനെതിരെയും ബാലിശമായ കേസ് രജിസ്‌റ്റർ ചെയ്യാൻ സർക്കാരുകൾക്ക് അനുമതി നൽകുന്നതിന് തുല്യമാകുമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. തുടർന്നാണ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചത്.

2014ൽ അഴീക്കോട് സ്‌കൂളിന് പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. 2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്‌റ്റർ ചെയ്‌തത്‌. സ്‌കൂൾ മാനേജ്‍മെന്റിൽ നിന്ന് അധ്യാപകൻ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

പിന്നീട് ഈ അധ്യാപകന് ഇതേ സ്‌കൂളിൽ സ്‌ഥിരനിയമനം നൽകി. 2016ൽ ഈ തുക ഉപയോഗിച്ചാണ് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇഡി അവകാശപ്പെട്ടിരുന്നു. കണ്ണൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സിപിഎം നേതാവ് കുടുവൻ പത്‌ഭനാഭൻ നൽകിയ പരാതിയിലാണ് ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തത്.

തുടർന്ന് ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയെന്ന് വ്യക്‌തമാക്കിയ വിജിലൻസ്, ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 47,35,500 രൂപ പിടിച്ചെടുത്തു. ഈ പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നും തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. രേഖകളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പണം തിരിച്ചുനൽകാനാവില്ലെന്ന് കോടതി വ്യക്‌തമാക്കി.

Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE