ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസംഘത്തിന് രൂപം നൽകി സുപ്രീം കോടതി. നാവികസേനാ മെഡിക്കൽ വിഭാഗം മേധാവി സർജന്റ് വൈസ് അഡ്‌മിറൽ ഡോക്‌ടർ ആർ സരിന്റെ നേതൃത്വത്തിലാണ് സംഘം രൂപീകരിച്ചത്.
ഡോക്‌ടർമാർക്കെതിരായ അക്രമം തടയാൻ കേരളത്തിലടക്കം നിയമം ഉണ്ടെങ്കിലും മെഡിക്കൽ രംഗത്തെ സുരക്ഷാ വീഴ്‌ച തടയാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കൊൽക്കത്ത സംഭവത്തിൽ വ്യാഴാഴ്‌ച തൽസ്‌ഥിതി അന്വേഷണ റിപ്പോർട് ഹാജരാക്കാൻ സിബിഐയോട് കോടതി നിർദ്ദേശിച്ചു. പശ്‌ചിമ ബംഗാളിൽ ഗുരുതരമായ ക്രമസമാധാന തകർച്ച ഉണ്ടായെന്ന് കേന്ദ്രം കോടതിയിൽ കുറ്റപ്പെടുത്തി.
കടുത്ത ആശങ്കയും ഞെട്ടലുമുണ്ടാക്കുന്ന സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ ബലാൽസംഗ കൊലയിൽ സ്വമേധയാ എടുത്ത കേസ് കോടതി പരിഗണിച്ചത്. രാജ്യമൊട്ടാകെയുള്ള ആരോഗ്യ പ്രവർത്തകർ സുരക്ഷയിൽ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് നിരീക്ഷിച്ചാണ് ദേശീയ തലത്തിൽ പത്തംഗ ദൗത്യ സംഘത്തിന് കോടതി രൂപം നൽകിയത്.
സംഭവത്തിൽ പോലീസ് എന്ത് ചെയ്യുകയായിരുന്നു എന്ന് സുപ്രീം കോടതി ചോദിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് സമയബന്ധിതമായി നടന്ന ഉണ്ടായില്ലെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ബംഗാൾ സർക്കാരിനെയും കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കൊലപാതകം നടന്ന ആശുപത്രിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിന്നുവെന്നും കോടതി വിമർശിച്ചു.
വനിതാ ജീവനക്കാരാണ് ആശുപത്രികളിൽ കൂടുതൽ ആക്രമണങ്ങൾക്ക് ഇരയാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. അവരുടെ ജീവൻ രക്ഷിക്കാൻ സംവിധാനങ്ങളുടെ വലിയ പോരായ്‌മയുണ്ട്. കേരളത്തിൽ അടക്കം നിയമമുണ്ടെങ്കിലും പര്യാപ്‌തമല്ല. ഭക്ഷണം പോലുമില്ലാതെ മണിക്കൂറുകളോളം ഡോക്‌ടർമാർക്ക് ജോലി ചെയ്യേണ്ടി വരുന്നു. പരാതിപ്പെട്ടാൽ ജോലി പോകുമെന്ന ഭയവും. ഈ സാഹചര്യത്തിൽ ആശുപത്രികളിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
Most Read| വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം