ന്യൂഡെല്‍ഹി : ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ്. ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അര്‍ണബ് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അര്‍ണബിന് ജാമ്യം അനുവദിച്ചത്.
അന്‍പതിനായിരം രൂപ കെട്ടിവച്ചുകൊണ്ട് അര്‍ണബിനെയും അറസ്റ്റിലായ മറ്റ് രണ്ട് പേരെയും മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഒപ്പം തന്നെ അര്‍ണബിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും, ഹൈക്കോടതിയെയും വിമര്‍ശിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതികള്‍ക്ക് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയണമെന്നും, സംസ്ഥാന സര്‍ക്കാര്‍ വിരോധമുള്ളവരോട് ഇത്തരം നടപടികള്‍ സ്വീകരിച്ചാല്‍ അതില്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരുമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ണബ് മുംബൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹരജി തള്ളിയതോടെ അര്‍ണബ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യഉത്തരവ് നടപ്പാക്കിയ ശേഷം അത് കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
Read also : ആത്മഹത്യാ പ്രേരണക്കേസ്; സർക്കാരിനും ഹൈക്കോടതിക്കുമെതിരെ സുപ്രീം കോടതി







































