മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറക്കം. മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്ഥാനാർഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള സെൽ നേതാക്കളായ ഉത്തം കുമാർ, മധു നായർ, മുഹമ്മദ് സിദ്ദിഖി തുടങ്ങിയവർ പ്രസംഗിച്ചു. വസായിലെ ബിജെപി സ്ഥാനാർഥി സ്നേഹ ദുബെയുടെ പ്രചാരണ യോഗത്തിലും സുരേഷ് ഗോപി പ്രസംഗിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് കലാശക്കൊട്ടോടെ സമാപിക്കും. ആവേശക്കൊടുമുടിയിലാണ് പാർട്ടികളും അണികളും.
സർക്കാരിന്റെ ക്ഷേമ പദ്ധതികളാണ് ആദ്യം പ്രചാരണ വിഷയമായതെങ്കിലും പിന്നീട് സംവരണവും തൊഴിലില്ലായ്മയും വിലക്കയറ്റവും സ്ത്രീ സുരക്ഷയും ഉയർന്നുവന്നു. ഇതിനിടെ, വോട്ട് ജിഹാദ്, ലാൻഡ് ജിഹാദ്, ധർമ യുദ്ധം തുടങ്ങി വിദ്വേഷ പ്രയോഗങ്ങളും താരപ്രചാരകരുടെ പ്രസംഗങ്ങളിൽ ഉയർന്നുവന്നു. 11 റാലികൾ നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപിയുടെ പ്രചാരണത്തിന്റെ മുഖം.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും കോട്ടകളിലെ വോട്ടുറപ്പിക്കാൻ പരമാവധി ഓടിയെത്തുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മഹായുതിയുടെ മുഖമായി കഴിഞ്ഞു. മഹാ വികാസ് അഘാഡിയിൽ മുന്നിൽ നിന്ന് നയിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിയതോടെ കോൺഗ്രസ് പ്രവർത്തകരും ആവേശത്തിലായി.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’








































