തിരുവനന്തപുരം: കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. ശാസ്ത്രി ഭവനിലെ ഓഫീസിലെത്തിയാണ് സുരേഷ് ഗോപി പദവിയേറ്റത്. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കാനും ഇതുവരെ ശ്രദ്ധ ലഭിക്കാത്ത ടൂറിസം മേഖലകൾ കണ്ടെത്തി വികസിപ്പിച്ചെടുക്കാനും ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ പ്രവർത്തിച്ചവരെയും മന്ത്രിമാരെയും താഴ്ത്തിക്കെട്ടി കാണുന്നില്ല. എല്ലാവരും ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിനെ തടസപ്പെടുത്തിയത് എന്താണോ അത് ഇല്ലാതാക്കി അടുത്ത പടിയിലേക്ക് ഉയർത്താനാണ് ശ്രമിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ജനഹിതം അനുസരിച്ചുള്ള തൃശൂർ പൂരം നടത്താൻ ശ്രമിക്കുമെന്നും തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സിനിമയെ വെല്ലുന്ന ട്വസ്റ്റുകൾക്കൊടുവിലാണ് സൂപ്പർതാരം കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുന്നത്. ഉറപ്പിച്ച മന്ത്രി സ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വം ഉണ്ടായെങ്കിലും ഒടുവിൽ നരേന്ദ്രമോദി നേരിട്ട് വിളിച്ചതോടെയാണ് ഡെൽഹിക്ക് പുറപ്പെട്ടത്. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തൃശൂരിൽ സുരേഷ് ഗോപിയുടെ ജയം.
Most Read| രാഹുൽ വയനാട് ‘കൈ’ വിട്ടാൽ പകരം ആര്? താൽപര്യമില്ലെന്ന് പ്രിയങ്ക- ആകാംക്ഷ