തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഇന്നും ജയിൽ മോചിതയാകില്ല. ജാമ്യ ഉത്തരവും വ്യവസ്ഥകൾ അടങ്ങിയ രേഖകളും തിരുവനന്തപുരം വനിതാ ജയിലിൽ എത്താത്തതിനെ തുടര്‍ന്നാണ് സ്വപ്നക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.
25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് ഹൈക്കോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥ. നടപടികൾ പൂർത്തിയായാൽ നാളെ സ്വപ്ന സുരേഷ് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് നിലവിൽ സ്വപ്നയെ പാർപ്പിച്ചിരിക്കുന്നത്.
നവംബർ രണ്ടിനാണ് സ്വർണക്കടത്ത് കേസിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയ സംഭവത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഏഴു പ്രതികളുടെ അപേക്ഷയിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. സ്വപ്ന സുരേഷ്, പിആർ സരിത്ത്, റമീസ്, ജലാൽ, റബിൻസ്, ഷറഫുദീൻ, മുഹമ്മദാലി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഉത്തരവ്.
അറസ്റ്റിലായി ഒരു വർഷവും മൂന്നു മാസവും പിന്നിടുമ്പോഴാണ് സ്വപ്ന സുരേഷിന് എൻഐഎ കേസിൽ ജാമ്യം കിട്ടുന്നത്. കസ്റ്റംസ് കേസിലും ഇഡി കേസിലും നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. കോഫേപോസ പ്രകാരമുളള കരുതൽ തടങ്കലും അടുത്തിടെ റദ്ദാക്കിയിരുന്നു.
Most Read: ‘ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും’; തമിഴ്നാട് മന്ത്രി









































