തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്തുവന്ന കേസ് അട്ടിമറിക്കാന്‍ അഭ്യന്തരവകുപ്പ് ശ്രമിക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയെ സംരക്ഷിക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംശയത്തിന്റെ നിഴലിൽ നിർത്താനുമാണ് ശബ്‌ദരേഖ പുറത്തുവിട്ടത്.
ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ ഒത്താശയും സഹായവുമില്ലാതെ ഇത്തരമൊരു ശബ്‌ദരേഖ ജയിലിനകത്ത് നിന്ന് പുറത്തുവരില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇതില്‍ നിന്നു തന്നെ ഈ ശബ്‌ദരേഖയുടെ യഥാര്‍ഥ ഗുണഭോക്‌താക്കള്‍ സിപിഐഎമ്മാണെന്ന് മനസിലാകും. ആ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് കേസെടുക്കാന്‍ പോലീസും ജയില്‍ വകുപ്പും മടിക്കുന്നത്.
അതിനാലാണ് പോലീസും ജയിൽ വകുപ്പും ചേർന്ന് സംഭവത്തിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നത്. സംഭവത്തിൽ വൻ രാഷ്‌ട്രീയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. ശബ്‌ദരേഖ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ഇഡി പൊലീസിന് പരാതി നൽകിയിരുന്നു. ഇതിലും തുടർനടപടി എടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല, മുല്ലപ്പള്ളി പറഞ്ഞു.
Read Also: ‘ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ല’; എ വിജയരാഘവൻ