കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാർക്കിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇ.ഡി) കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്‌ത ആയതിനാലാണ് സ്വപ്‌നക്ക് നിയമനം ലഭിച്ചതെന്നും ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
പലതവണ സ്വപ്‌നയും ശിവശങ്കറും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ഇരുവരും നിരവധി തവണ കൂടിക്കാഴ്‌ച നടത്തി. മുഖ്യമന്ത്രിയോട് പറഞ്ഞ് സ്‌പേസ് പാർക്കിൽ നിയമം വാങ്ങി നൽകാമെന്ന് ശിവശങ്കർ സ്വപ്‌നക്ക് ഉറപ്പു നൽകിയതായും ഇ.ഡി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
കെ.എസ്.ഐ.ടി.ഐ.എൽ എം.ഡിയേയും സ്‌പെഷ്യല്‍ ഓഫീസർ സന്തോഷിനേയും കാണാൻ സ്വപ്‌നയോട് ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സന്തോഷ് സ്വപ്‌നയോട് ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചത്. ജോലിയെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാൻ നിർദ്ദേശിച്ചതെന്നും സ്വപ്‌ന നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ കുറ്റപത്രത്തിൽ പറയുന്നു.
Also Read: ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ
സ്വപ്‍നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കറിന് പങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പ്രതികളുടെ ജാമ്യഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കുറ്റപത്രം സമർപ്പിച്ചത്.