കാബൂൾ: അഫ്ഗാനിൽ യുഎസിനെ സഹായിച്ച ആളുകളെ കണ്ടെത്തുന്നതിനായി വീടുകൾ തോറും കയറിയിറങ്ങി താലിബാൻ പരിശോധന നടത്തുന്നതായി റിപ്പോർട്. ഐക്യരാഷ്ട്ര സംഘടനക്ക് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ്, നാറ്റോ സഖ്യസൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്താനുള്ള നീക്കമാണ് താലിബാന് നടത്തുന്നത്. അഫ്ഗാനിൽ അധികാരം കൈയ്യേറിയത് മുതൽ സമാധാനപരമായ ഭരണമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് താലിബാൻ ആവർത്തിക്കുമ്പോഴും ഇത്തരം നീക്കങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
അതേസമയം തന്നെ കാബൂൾ വിമാന താവളത്തിലേക്ക് പോകുന്ന ആളുകളെ കർശന പരിശോധനക്ക് വിധേയരാക്കിയ ശേഷം മാത്രമാണ് കടത്തി വിടുന്നത്. തങ്ങൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. ഇത്തരത്തിലുളള ആളുകളെയും അവരുടെ കുടുംബങ്ങളെയും നിയമപ്രകാരം വിചാരണ ചെയ്യുകയും, ശിക്ഷ വിധിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വധശിക്ഷ ഉള്‍പ്പടെയുള്ള ശിക്ഷകളാണ് ഇവർക്ക് വിധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ട ആളുകളുടെ ജീവൻ ഭീഷണിയിലാണെന്നും, ഇവർക്ക് വധശിക്ഷ വിധിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചടക്കിയ ശേഷം താലിബാൻ പൊതുമാപ്പ് പ്രഖ്യാപിക്കുകയും, ആരെയും ഉപദ്രവിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ആയിരക്കണക്കിന് ജനങ്ങളാണ് ഇപ്പോഴും രാജ്യം വിടുന്നതിനായി കാത്തിരിക്കുന്നത്. 1996-2001 കാലഘട്ടത്തിലെ താലിബാന് ഭരണത്തിന്റെ ഓര്‍മകളാണ് ഇവരെയെല്ലാം പ്രധാനമായും ഭയപ്പെടുത്തുന്നത്.
Read also: ‘ഞാനുമൊരു സാധാരണ പൗരൻ’, ട്രെയിനിൽ മന്ത്രി നേരിട്ടെത്തി; അമ്പരന്ന് യാത്രക്കാർ







































