കണ്ണൂർ: തളിപ്പറമ്പിലെ കെവി കോംപ്ളക്‌സിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. ആദ്യം തീപിടിത്തമുണ്ടായ മാക്‌സ് ക്രോ ചെരുപ്പ് കടയുടമ പിപി മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കെവി കോംപ്ളക്‌സിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം 50 കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടായതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ഹൈവേയിലെ ട്രാൻസ്‌ഫോമറിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുവെന്ന് പരാതിയിൽ പറഞ്ഞതായി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഥലത്ത് സംയുക്‌ത പരിശോധന നടക്കുകയാണ്. പോലീസ്, ഫൊറൻസിക്, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ്, അഗ്‌നിരക്ഷാ സേന തുടങ്ങി വിവിധ വകുപ്പുകളാണ് പരിശോധന നടത്തുന്നത്.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് തളിപ്പറമ്പ് നഗരത്തെ വിഴുങ്ങിയ തീപിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിലെ അമ്പതോളം കടകളാണ് കത്തിനശിച്ചത്. കാസർഗോഡ് ജില്ലയിൽ നിന്നുൾപ്പടെ അഗ്‌നിരക്ഷാ യൂണിറ്റുകൾ എത്തി മൂന്നുമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീയണച്ചത്. തീ പടർന്നപ്പോൾ തന്നെ ആളുകൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്