വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിന് തീപിടിച്ച് ഒരുമരണം. എറണാകുളത്തേക്ക് വരികയായിരുന്ന ടാറ്റാനഗർ- എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിനാണ് തീപിടിച്ചത്. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ഇന്ന് പുലർച്ചെ ഒരുമണിക്കാണ് സംഭവം.
രണ്ട് എസി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. ബി1, എം2 കോച്ചുകളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. 70 വയസുള്ള യാത്രക്കാരനാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബി1 കോച്ചിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് എം2 കൊച്ചിലേക്കും പടരുകയായിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. രാത്രിയായതിനാൽ യാത്രക്കാർ പലരും ഉറക്കത്തിലായിരുന്നു.
അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. തീപിടർന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ആയിരുന്നു. ഇന്നലെ രാവിലെ അഞ്ചുമണിക്കാണ് ട്രെയിൻ ടാറ്റാ നഗറിൽ നിന്ന് പുറപ്പെട്ടത്. എലമഞ്ചിയിൽ രാത്രി ഒമ്പത് മണിയോടെയാണ് ട്രെയിൻ എത്തേണ്ടിയിരുന്നതെങ്കിലും മൂന്ന് മണിക്കൂർ വൈകിയിരുന്നു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം





































