വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തിരുപ്പതി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് നടപടി. ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ ജഗൻ മോഹൻ റെഡ്‌ഡി സർക്കാരിന് എതിരായുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
തിങ്കളാഴ്‌ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിൽ എത്തിയ ഉടൻ റെനിഗുണ്ട പോലീസ് ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിഷേധ പരിപാടികൾക്ക് അനുമതി ഇല്ലെന്ന് കാണിച്ച് പോലീസ് നേരത്തെ നായിഡുവിന് നോട്ടീസ് നൽകിയിരുന്നു.
അതേസമയം, പോലീസ് നടപടിക്ക് എതിരെ ചന്ദ്രബാബു നായിഡു വിമാനത്താവളത്തിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരവധി ടിഡിപി പ്രവർത്തകർ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. പ്രതിഷേധ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ ടിഡിപി പ്രവർത്തകരെ പോലീസ് നേരത്തെ തന്നെ വീട്ടുതടങ്കലിൽ ആക്കിയിരുന്നു.
Read also: രാമക്ഷേത്ര നിർമാണം; ധനസമാഹരണം അവസാനിച്ചു, ഇതുവരെ ലഭിച്ചത് 2100 കോടി