ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് നീട്ടി. ഡിസംബര്‍ 26ന് ഓണ്‍ലൈനായാണ് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്. ഇതിനായുള്ള പ്രത്യേക ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക തടസമാണ് തിരഞ്ഞെടുപ്പ് നീട്ടാനുള്ള കാരണം. നിലവില്‍ രണ്ടാഴ്‌ചത്തേക്കാണ് നീട്ടിയതെങ്കിലും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് എംബസിയുടെ അറിയിപ്പില്‍ പറയുന്നത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി), ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐസിബിഎഫ്), ഇന്ത്യന്‍ സ്‌പോര്‍ട്സ് സെന്റര്‍ (ഐഎസ്‍സി) എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐബിപിസി) തിരഞ്ഞെടുപ്പ് തല്‍ക്കാലം നടത്തില്ലെന്ന് എംബസി നേരത്തേ അറിയിച്ചിട്ടുണ്ട്.
കോവിഡ് രൂക്ഷ സാഹചര്യമായതിനാല്‍ ഓണ്‍ലൈനായി തിരഞ്ഞെടുപ്പ് നടത്താൻ നിർമിച്ച പ്രത്യേക ആപ്പ് ആയ ഡിജിപോളിന് ആപ്പിളിന്റെ ഐഒഎസ് അംഗീകാരം ലഭിച്ചിട്ടില്ല. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഡിസംബര്‍ 23 മുതല്‍ 27 വരെ ആപ്പിൾസ്‌റ്റോര്‍ ഷട്ട്ഡൗണ്‍ ചെയ്‌തതിനാലാണ് ആപ്പിന് അംഗീകാരം ലഭിക്കാന്‍ കാലതാമസം നേരിടുന്നതെന്ന് എംബസിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍ അറിയിച്ചിട്ടുണ്ട്.
നിലവിലെ ഐസിബിഎഫ് പ്രസിഡണ്ടായ പിഎന്‍ ബാബുരാജനാണ് ഇത്തവണ ഐസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിക്കുന്നത്. ജൂട്ടാസ് പോള്‍ ആണ് ഈ സ്‌ഥാനത്തേക്ക് മൽസരിക്കുന്ന മറ്റൊരു പ്രമുഖന്‍. നിലവില്‍ ഐസിബിഎഫ് മാനേജ്മെന്റ് കമ്മിറ്റി അംഗമാണ് ജൂട്ടാസ്. ഡോ മോഹന്‍ തോമസ്, ഷറഫ് പി ഹമീദ് എന്നിവരാണ് ഇന്ത്യന്‍ സ്‌പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിക്കുന്നത്. ഷറഫ് പി ഹമീദ് നിലവില്‍ വൈസ് പ്രസിഡണ്ടാണ്.
തല്‍ക്കാലം തിരഞ്ഞെടുപ്പ് നടക്കാത്ത ഐബിപിസിയുടെ ഭരണത്തിനായി അഡ്ഹോക് കമ്മിറ്റി രൂപവല്‍ക്കരിക്കുകയാണ് ചെയ്യുക. ഖത്തറിലെ ബിസിനസ് മേഖലയിലെ പ്രമുഖരെ ഐബിപിസിയില്‍ കൊണ്ടുവന്ന് ഇന്ത്യക്കും ഖത്തറിനുമിടയിലെ വാണിജ്യ താല്‍പര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ എംബസി ലക്ഷ്യമിടുന്നുണ്ട്.
Read also: പുതുവൽസര ഓഫര്‍; യാത്രാ തീയതി എത്ര തവണ വേണമെങ്കിലും മാറ്റാമെന്ന് ഖത്തര്‍ എയര്‍വേസ്