ഉജ്ജയിൻ: മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്നു. ഇവര്‍ക്കൊപ്പം ജനങ്ങളും ക്ഷേത്രത്തിലേക്ക് ഇരച്ചെത്തിയതോടെയാണ് സ്ഥിതി നിയന്ത്രണാതീതമായതെന്ന് പോലീസ് പറയുന്നു.
മന്ത്രിമാർക്കൊപ്പം ജനങ്ങളും ക്ഷേത്രത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ആൾകൂട്ടം ഒഴിവാക്കാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നാണ് ആളുകൾ എത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിലത്തേക്ക് മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തിരക്ക് നിയന്ത്രിക്കാൻ പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ആൾകൂട്ടത്തിനിടയിൽ പെട്ട പോലീസുകാർക്കും പരിക്കേറ്റിരുന്നു.
അടുത്ത തിങ്കളാഴ്ച കൃത്യമായി ആസൂത്രണം നടത്തി സാമൂഹിക അകലം ഉറപ്പാക്കി മാത്രമേ ക്ഷേത്ര സന്ദര്‍ശനം അനുവദിക്കൂവെന്ന് ഉജ്ജയിൻ ജില്ലാ കളക്ടർ ആശിഷ് സിങ് വ്യക്തമാക്കി. കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് സ്വീകരിച്ചതോ, നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോർട് കൈവശമുള്ളതോ ആയ ഭക്തർക്ക് മാത്രമാണ് മഹാകാലേശ്വര ക്ഷേത്ര ദര്‍ശനത്തിന് അനുമതി. അടുത്ത തവണ തിരക്കുണ്ടാകില്ലെന്നും സാഹചര്യം നിയന്ത്രണ വിധേയമായിരിക്കുമെന്നും കളക്ടർ പറഞ്ഞു.
Also Read: പെഗാസസ് ഫോൺ ചോർത്തൽ; കൂടുതൽ പേരുകൾ ഇന്ന് പുറത്ത് വിട്ടേക്കും








































