തിരുവനന്തപുരം: 3 വയസ് മുതല്‍ 6 വയസ് വരെ പ്രായമുളള കുട്ടികള്‍ക്കായി വിക്‌ടേഴ്‌സ് ചാനലില്‍ പ്രത്യേകം സംപ്രേക്ഷണം ചെയ്‌തുവരുന്ന ‘കിളിക്കൊഞ്ചല്‍’ ഓണ്‍ലൈന്‍ പ്രീ സ്‌കൂള്‍ പരിപാടിയുടെ നൂറാം എപ്പിസോഡ് ഫെബ്രുവരി 15 തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും. വൈകുന്നേരം 6 മണിക്കാണ് പരിപാടിയുടെ പുന:സംപ്രേഷണം.
സംസ്‌ഥാന വനിത ശിശുവികസന വകുപ്പ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംപ്രേഷണം ചെയ്‌തുവരുന്നത്. 2020 ജൂലൈ 1 മുതൽ സംപ്രേഷണം ആരംഭിച്ച ഈ പരിപാടി കോവിഡ് പശ്‌ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വീടുകളില്‍ ഒതുങ്ങിക്കൂടിയ 3 മുതല്‍ 6 വയസ് വരെ പ്രായത്തിലുളള 13,68,553 കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനപ്രദമാണ്.
അതേസമയം കുട്ടികൾക്കായുള്ള ‘കിളിക്കൊഞ്ചൽ’ പരിപാടി വിജയകരമാക്കിയ എല്ലാവർക്കും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അഭിനന്ദനം അറിയിച്ചു.
കുട്ടികളുടെ ഭാഷാപരവും വൈജ്‌ഞാനികവും ശാരീരികവും സാമൂഹികവും വൈകാരികവുമായ വികാസം, ക്രിയാത്‌മകത, സര്‍ഗാത്‌മകത, ആസ്വാദനശേഷി തുടങ്ങിയവയുടെ വളർച്ചക്കും പ്രാധാന്യം നല്‍കിയാണ് ഈ പരിപാടി തയ്യാറാക്കിയത്. വനിത ശിശുവികസന വകുപ്പിന് കീഴില്‍ മികച്ച പരിശീലനത്തോടെയും തീം രീതി അടിസ്‌ഥാനമാക്കിയും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇഷ്‌ടമാവുന്ന രീതിയിലാണ് പരിപാടിയുടെ ആവിഷ്‌കാരം.
കൂടാതെ പ്രീ സ്‌കൂള്‍ തീം പോസ്‌റ്ററുകള്‍ കുട്ടികൾക്കായി വീടുകളില്‍ എത്തിക്കുന്നതിനുളള നടപടികളും വകുപ്പ് തലത്തില്‍ സ്വീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്‌തിത്വ രൂപീകരണത്തിന് സഹായകരമായ രീതിയില്‍, രക്ഷിതാക്കളുടെ സഹായത്തോടെ തീം പ്രകാരമുളള പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ഈ പോസ്‌റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read Also: കറുത്ത മാസ്‌കിന് വിലക്കില്ല, നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ; മുഖ്യമന്ത്രി







































