ന്യൂ ഡെല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ വിവാദമായ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കില്ല. കഴിഞ്ഞ ദിവസമാണ് ബില്ലുകള്‍ ലോക്സഭ പാസ്സാക്കിയത്, ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും മറ്റിടങ്ങളിലും പ്രതിഷേധം ശക്തമാകുന്ന അവസ്ഥയില്‍ ബില്ലുകള്‍ അവതരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
ബിജെപി സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രക്ഷോഭം ശക്തമാവുകയാണ്. ബില്ലില്‍ സമവായം ഉണ്ടാക്കിയതിനു ശേഷം മാത്രം രാജ്യസഭയില്‍ അവതരിപ്പിക്കാം എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ശിരോമണി അകാലിദളിന്റെ കേന്ദ്രമന്ത്രി ഹാര്‍സിമ്രത് കൗര്‍ രാജിവെക്കുകയും, ആര്‍എസ്എസ് അനുകൂല കര്‍ഷക സംഘടന ബികെഎസ് ബില്ലിനെതിരെ രംഗത്തു വരികയും ചെയ്തത് മോദി സര്‍ക്കാരിന് തലവേദന ഉണ്ടാക്കിയിരുന്നു.









































