ഭോപാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില്‍ അറസ്‍റ്റിലായ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ഇത്തവണയും ജാമ്യമില്ല. മധ്യപ്രദേശ് ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ക്ക് തെളിവോ കേസ് ഡയറിയോ ഇതുവരെ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറിലെ കഫേയില്‍ നടന്ന പരിപാടിയില്‍ അമിത് ഷായെയും ഹിന്ദു മത വിശ്വാസങ്ങളെയും മുനവര്‍ ഫാറൂഖി പരിഹസിച്ചുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്. ഇദ്ദേഹത്തെ കൂടാതെ നാല് പേരെക്കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നലിന്‍ യാദവ് എന്നിവരാണ് അറസ്‌റ്റിലായത്. ഐപിസി 188, 269, 34, 295എ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്.
ഹാസ്യ പരിപാടിയുടെ സംഘാടകരുടെ നിർദേശമനുസരിച്ച് പരിപാടി അവതരിപ്പിക്കുക മാത്രമാണ് മുനവർ ഫാറൂഖി ചെയ്തതെന്നും ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഫാറൂഖിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഇവർക്കെതിരെ കൂടുതൽ തെളിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ച കോടതി അഭിഭാഷകന്റെ വാദം തള്ളി. അന്വേഷണം തുടരുന്നതിനാൽ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നും വ്യക്‌തമാക്കി.
Read also: പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി; 13ഓളം നേതാക്കൾ ബിജെപിയിലേക്ക്







































