മലപ്പുറം: സൗജന്യമായി കിട്ടിയ 10 സെന്റ് സ്‌ഥലം ചങ്ങരംകുളം ട്രഷറിക്ക് നഷ്‌ടപ്പെട്ടു. സ്‌ഥലം കിട്ടി നാലുവർഷം കഴിഞ്ഞിട്ടും സ്വന്തം പേരിലാക്കാൻ സബ് ട്രഷറിക്ക് കഴിയാത്തതിനെ തുടർന്നാണ് അത് നഷ്‌ടമായത്. സ്‌ഥലം നൽകിയ പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തുതന്നെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ തിരിച്ചെടുക്കുകയായിരുന്നു.
2017ലാണ് പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിൽ ആലങ്കോട് പഞ്ചായത്തിലുള്ള സ്‌ഥലത്തിൽ നിന്ന് 10 സെന്റ് ട്രഷറിക്ക് കെട്ടിടം പണിയാനായി നൽകിയത്. ഇതിനൊപ്പം 50 സെന്റ് സ്‌ഥലം സർക്കാരിന്റെ ലൈഫ് പാർപ്പിട പദ്ധതിക്കും നൽകി.
സ്‌ഥലം ട്രഷറിക്ക് കൈമാറാനുള്ള ബ്ളോക്ക് പഞ്ചായത്ത് തീരുമാനം നടപ്പിലാക്കാനുള്ള അധികാരം ജില്ലാകളക്‌ടർക്ക് സ്വീകരിക്കാമെന്ന് കാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് 2018 സെപ്റ്റംബർ അഞ്ചിന് ഉത്തരവുമിറക്കി. എന്നാൽ വർഷങ്ങൾ കടന്നുപോയതല്ലാതെ ഇതിനുള്ള ഒരു നടപടിയുമുണ്ടായില്ല.
ഇതിനിടയിൽ ബ്ളോക്ക് പഞ്ചായത്തിന്റെ ഭരണസമിതി മാറുകയും ട്രഷറിക്ക് സ്‌ഥലം നൽകാനുള്ള നീക്കത്തിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ചെയ്‌തു. ഇതേത്തുടർന്ന് നേരത്തെ ഈ സ്‌ഥലം ട്രഷറിക്ക് കൈമാറാൻ ജില്ലാ കളക്‌ടർക്ക് നൽകിയ അധികാരം പിൻവലിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കുകയായിരുന്നു.
സബ് ട്രഷറിക്ക് നൽകിയ സ്‌ഥലം തിരിച്ചുപിടിച്ച നടപടി പുനഃപരിശോധിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പി നന്ദകുമാർ എംഎൽഎ പറഞ്ഞു. പെൻഷനേഴ്‌സ് യൂണിയൻ നിവേദനം നൽകിയപ്പോഴാണ് എംഎൽഎ ഈ ഉറപ്പ് നൽകിയത്.
Most Read: കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ നവംബർ 11ന് തുടങ്ങും






































