കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. നാൽപ്പതോളം പേർ ബസിലുണ്ടായിരുന്നതായാണ് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ തിരുവമ്പാടി- പുല്ലൂരാംപാറയ്‌ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. പാലത്തിൽ നിന്ന് നിയന്ത്രണംവിട്ട ബസ് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നുപേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നിൽക്കുകയായിരുന്നു.
ബസ് പുറത്തെടുത്ത് ആളുകൾ കുടുങ്ങിപ്പോയിട്ടുണ്ടോയെന്ന് പരിശോധിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായതായാണ് വിവരം. ക്രെയിൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്‌തമല്ല. പാലത്തിന്റെ കൈവരികൾ നേരത്തെ തകർന്നിരുന്നു.
കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പാലത്തിനോട് ചേർന്നുള്ള കലുങ്കിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.
Most Read| സംസ്‌ഥാനത്ത് മഴ തുടരും; വെള്ളിയാഴ്‌ച വരെ ഓറഞ്ച്, യെല്ലോ അലർട്ടുകൾ