തിരുവനന്തപുരം: 2016 മുതല്‍ സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍.
കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ സ്വപ്നയെ സഹായിച്ചിട്ടില്ലെന്നും, സ്വപ്നയോടൊപ്പം മൂന്ന് തവണ വിദേശയാത്ര നടത്തിയെന്നും ശിവശങ്കര്‍ മൊഴി നല്കി. സാമ്പത്തിക സഹായം സംബന്ധിച്ച് യുഎഇ റെഡ്ക്രസന്റുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. 2017ല്‍ ക്ളിഫ് ഹൗസില്‍ വെച്ച് സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നോയെന്ന് ഓര്‍മയില്ലെന്നും ശിവശങ്കര്‍ എന്ഫോഴ്സ്മെന്റിനോട് പറഞ്ഞു.
അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായി ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. ശിവശങ്കറിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Read also: സ്വര്‍ണക്കടത്ത് കേസ്; വീണ്ടും കൊമ്പുകോര്‍ത്ത് സിപിഐഎമ്മും മുരളീധരനും







































