കണ്ണൂർ: ചെങ്ങളായി, മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വളക്കൈ കൊയ്യം മയ്യിൽ റോഡ്. ബസുകളും മറ്റുമായി ഒരു ദിവസം നൂറ് കണക്കിന് വാഹനങ്ങൾ ഓടുന്ന റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ജീപ്പ് റോഡ് നിലവാരത്തിലുള്ള റോഡ് ടാർ ചെയ്‌ത് കിട്ടാൻ വർഷങ്ങളായി അധികൃതർക്ക് മുന്നിൽ കയറിയിറങ്ങുകയാണ് നാട്ടുകാർ. ഒടുവിൽ ഫലമൊന്നും കാണാതായതോടെ അധികാരികളുടെ കണ്ണു തുറപ്പിക്കാൻ കാളവണ്ടിയുമായി കണ്ണൂർ പിഡബ്യുഡി ഓഫിസിലേക്ക് മാർച്ച് നടത്തി.
റോഡ് വികസനത്തിനായി രൂപീകരിച്ച ഓഫ് റോഡ് ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് കാളവണ്ടി സമരം നടന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ഇത് രണ്ടാം തവണയാണ് ജനകീയ കൂട്ടായ്‌മ കാളവണ്ടി സമരം നടത്തിയത്. വളക്കൈയിൽ നിന്ന് കൊയ്യത്തേക്ക് ആയിരുന്നു ആദ്യ സമരം. നടപടിയാകാത്തതിനെ തുടർന്നാണ് കണ്ണൂർ പിഡബ്യുഡി ഓഫിസിലേക്ക് കാളവണ്ടിയുമായി എത്തിയത്.
സമീപത്തുള്ള എല്ലാ റോഡുകളും മെക്കാഡം ടാറിങ് നടത്തിയിട്ടും മയ്യിൽ റോഡ് മാത്രം അവഗണിക്കുന്നത് എന്തിന് എന്ന ചോദ്യമാണ് സമരസമിതി മുന്നോട്ടുവെക്കുന്നത്. മന്ത്രി എംവിഗോവിന്ദൻ, സജീവ് ജോസഫ് എംഎൽഎ എന്നിവരുടെ മണ്ഡലത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്. തളിപ്പറമ്പ് ഇരിട്ടി സംസ്‌ഥാനപാതയിലെ വളക്കൈ സ്‌റ്റോപ്പിൽ നിന്ന് തുടങ്ങി മയ്യിൽ കണ്ടക്കൈ റോഡിലെ പെരുവങ്ങൂരിൽ അവസാനിക്കുന്നതാണ് ഈ റോഡ്.
15 വർഷമായി നാട്ടുകാർ റോഡിനായി അപേക്ഷയുമായി അധികൃതരുടെ മുന്നിൽ എത്തുകയാണ്. എന്നാൽ വാഗ്‌ദാനങ്ങൾ നൽകുകയല്ലാതെ റോഡ് എന്ന ആവശ്യം മാത്രം നടക്കുന്നില്ല. 2019-20 ബജറ്റിൽ 12 കോടി രൂപ അനുവദിക്കുകയും 10 ശതമാനം പ്രൊവിഷൻ ആയ 2.2 കോടി രൂപ മാറ്റിവെക്കുകയും ചെയ്‌തിരുന്നു.
ഇതിനു ശേഷം ഉദ്യോഗസ്‌ഥർ എസ്‌റ്റിമേറ്റ് എടുക്കുകയും ഭരണാനുമതിക്കായി സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്‌തമാക്കുന്നത്. എന്നാൽ, സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് നിരവധി തവണ സെക്രട്ടറിയേറ്റിൽ നിന്ന് ഫയൽ തിരിച്ചയക്കുകയായിരുന്നു. റോഡിന്റെ ടാറിങ് പൂർത്തിയാകുന്നതു വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി അറിയിച്ചു.
Most Read: കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ നവംബർ 11ന് തുടങ്ങും