കൊച്ചി: നടൻ വിനായകന്റെ കൊച്ചിയിലെ ഫ്‌ളാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂർ സ്‌റ്റേഡിയത്തിന് പിന്നിലെ സ്‌റ്റേഡിയം ലിങ്ക് റോഡിലെ ഫ്ളാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെ വിനായകനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ഈ ആക്രമണവും.
വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയവർ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എത്തിയത്. ഫ്ളാറ്റിലെ ജനൽചില്ലുകൾ അടിച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് പോലീസും ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരും ചേർന്നാണ് പ്രതിഷേധക്കാരെ പിടിച്ചു മാറ്റിയത്. അതിനിടെ, ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമം വഴി അപമാനിച്ച വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയും പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വൈകിട്ട് ഫേസ്ബുക്ക് ലൈവിലൂടെയാണ് വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്.
ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നടൻ തന്നെ പോസ്‌റ്റ് പിൻവലിക്കുകയായിരുന്നു. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തീട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’- വിനായകന്റെ പരാമർശം.
Most Read: ആരോഗ്യമേഖലക്ക് വീണ്ടും അഭിമാനനേട്ടം; പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡ്