കണ്ണൂർ: കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കത്തെ തുടർന്ന് സിഐടിയുക്കാർ പൂട്ടിച്ച കണ്ണൂർ മാതമംഗലത്തുള്ള കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്. സിഐടിയു ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഡിസംബർ 23ന് ആണ് കട പൂട്ടിയത്.
കടയ്‌ക്കുള്ളിൽ നിന്ന് സാധനങ്ങൾ കയറ്റാനുള്ള അവകാശം കടയുടമക്കായിരിക്കും. വലിയ വാഹനത്തിൽ വരുന്ന സാധനങ്ങൾ സിഐടിയുക്കാർ ഇറക്കും. ചെറിയ വാഹനത്തിൽ സാധനങ്ങൾ കയറ്റിയിറക്കാനുള്ള അവകാശം കടയുടമക്ക് ആയിരിക്കും. കടയുടെ മുന്നിലെ സമര പന്തൽ പൊളിക്കുമെന്നും ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഊര് വിലക്കും പിൻവലിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കാണിച്ച് സംസ്‌ഥാനത്തെ തൊഴിലന്തരീക്ഷം തകർന്നുവെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് തർക്ക പരിഹാരമെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇരുകൂട്ടരുമായും ചർച്ച നടത്താൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർ എസ് ചിത്ര ഐഎഎസിനെ ചുമതലപ്പെടുത്തിയിരുന്നു.
Most Read: കൂട്ടുകാരികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ചോദ്യം ചെയ്‌ത വിദ്യാർഥിക്ക് മർദ്ദനം




































