കണ്ണൂർ: ഔഷധ ഗുണമുള്ള വിദേശ ഫലങ്ങളുടെ മാതൃകാ തോട്ടം കണ്ണൂരിലും ഒരുങ്ങുന്നു. തളിപ്പറമ്പ് കരിമ്പം ഫാമിലെ അര ഏക്കർ സ്ഥലത്താണ് തോട്ടം നിർമിക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം വിദേശ ഫല വൃക്ഷങ്ങളുടെ തൈകൾ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നിർവഹിച്ചു.
കൃഷി വകുപ്പിന്റെ ഡെവലപ്മെന്റ് ഓഫ് ഫ്രൂട്ട്സ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കരിമ്പം ഫാമിൽ തോട്ടം ഒരുക്കുന്നത്. അബിയു, ദുരിയൻ, മൗങ്ങേൻ, മുള്ളാത്ത തുടങ്ങിയ ഒമ്പത് ഫല വൃഷങ്ങളാണ് മാതൃകാ തോട്ടത്തിൽ നട്ടത്. ദുരിയൻ, ബോറോജോ, റോളീനിയ തുടങ്ങിയ ഔഷധ ഗുണമുള്ള വൃഷങ്ങളാണ് തോട്ടത്തിലെ പ്രത്യേകത. നാല് വർഷം കൊണ്ട് കായ്ക്കും എന്നതാണ് ഇവയുടെ പ്രത്യേകത. താമരശ്ശേരി, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് തൈകൾ കൊണ്ടുവന്നത്.
അപൂർവം ആളുകൾക്ക് മാത്രം അറിയാവുന്ന ഫല വൃക്ഷങ്ങൾ ആയിരിക്കും തോട്ടത്തിൽ ഒരുങ്ങുന്നത്. വിദേശ ഔഷധ രീതികൾ കേരളത്തിലും പരിചയപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും, ഔഷധ ചികിൽസക്ക് ഇത്തരം ഫല വൃക്ഷങ്ങൾ ഒരു മുതൽക്കൂട്ടാകുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഉൽഘാടന ചടങ്ങിൽ ഫാം സൂപ്രണ്ട് സ്മിത ഹരിദാസൻ, പി സതീശൻ, സിഎം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Read Also: കെഎം ഷാജിയുടെ വീടിന്റെ പുതിയ അവകാശികളും നിയമക്കുരുക്കിലേക്ക്







































