ഇരിട്ടി: മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എകെ ശശീന്ദ്രൻ എന്നിവർ നാളെ രാവിലെ ആറളം ഫാം സന്ദർശിക്കും. ഫാം ഒന്നാം ബ്ളോക്കിൽ ചെത്തുതൊഴിലാളിയായ കൊളപ്പ പാണലാട്ടെ പിപി റിജേഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സന്ദർശനം. വകുപ്പ് ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും കൂടെയുണ്ടാവും.
പട്ടികവർഗ ക്ഷേമ വകുപ്പിന്റെതാണ് ആറളം ഫാമും ആദിവാസി മേഖലയും ഉൾപ്പെടുന്ന ഏഴായിരത്തി അഞ്ഞൂറ് ഏക്കർ കാർഷിക മേഖല. 3500 ഭൂരഹിത ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട രാജ്യത്തെ ഏറ്റവും വിപുലമായ ആദിവാസി സങ്കേതമാണിത്. ഒൻപത് ആദിവാസികൾ കാട്ടാന, കാട്ടുപന്നി ആക്രമണങ്ങളിൽ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. വനംവകുപ്പിന്റെ ആറളം സാങ്ച്വറി ഫാമിന്റെ അതിർത്തിയിലാണ്.
ഇവിടെ ഏകദേശം പത്തര കിലോമീറ്റർ വനാതിർത്തി തുറന്ന് കിടപ്പാണ്. ഇതിലൂടെയാണ് കാട്ടാനക്കൂട്ടം എത്തുന്നത്. 3500 ഏക്കറിൽ നേരത്തെ മുതൽ നേരിട്ട നഷ്‌ടം നികത്താൻ സർക്കാർ സഹായത്തിൽ ഫാമിനുള്ളിൽ വൈവിധ്യവൽക്കരണം നടപ്പിലാക്കി വരികയാണ്. ഇതിനായി നേരത്തെ പ്രഖ്യാപിച്ച 22 കോടിയുടെ ആനമതിൽ നിർമാണം ഉടൻ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്.
Read Also: അണ്ടർ-19 ലോകകപ്പ്; ഇംഗ്ളണ്ടിനെ വീഴ്‌ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം