കാസർഗോഡ്: ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദേലംപാടി സർവീസ് സഹകരണ ബാങ്കിൽ ഇടപാടുകാരുടെ കുത്തിയിരിപ്പ് പ്രതിഷേധം. ചിട്ടിയിൽ അടച്ച ഒരുലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ബാങ്കിൽ പണം ഇല്ലെന്നായിരുന്നു ജീവനക്കാർ മറുപടി നൽകിയത്. ഇതേ തുടർന്നാണ് നിക്ഷേപകരായ മയ്യളയിലെ എം ജാഫർ, ബികെ അബ്‌ദുല്ല എന്നിവർ ബാങ്കിൽ കുത്തിയിരുന്നത്.
ബാങ്ക് സമയം കഴിഞ്ഞിട്ടും ഇവർ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന്, ബാങ്ക് സെക്രട്ടറി രാഘവ ഗൗഡ നിക്ഷേപകരുമായി ചർച്ച നടത്തി. അടുത്തമാസം 22ന് പണം നൽകാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതോടെയാണ് നിക്ഷേപകർ പ്രതിഷേധം അവസാനിപ്പിച്ചത്. ബാങ്ക് നടത്തിയ ഒരു ലക്ഷം രൂപയുടെ ചിട്ടി അഞ്ച് മാസം മുൻപ് അവസാനിച്ചിരുന്നു. എന്നാൽ, ചിട്ടി അവസാനിച്ചിട്ടും ആറ് പേർക്ക് ഇനിയും ബാങ്ക് പണം കൊടുക്കാനുണ്ട്.
അതേസമയം, ബാങ്ക് നഷ്‌ടത്തിലായതോടെയാണ് പണം തിരികെ കൊടുക്കാനുള്ള പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് നിലവിൽ നഷ്‌ടത്തിലൂടെയാണ് കടന്നുപ്പോകുന്നത്. 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട് പ്രകാരം മൂന്ന് കോടി നാൽപ്പത് ലക്ഷം രൂപയുടെ നഷ്‌ടത്തിലാണ് ബാങ്കുള്ളത്. വായ്‌പാ കുടിശ്ശികകൾ കുമിഞ്ഞു കൂടിയതോടെയാണ് ബാങ്ക് കോടികളുടെ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയത്. രണ്ടുകോടി 36 ലക്ഷം രൂപയുടെ വ്യക്‌തിഗത നിക്ഷേപമാണ് ബാങ്കിൽ ഉള്ളത്.
സ്‌ഥിര നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞവർക്കും അക്കൗണ്ടിൽ ചെറിയ തുകകൾ നിക്ഷേപിച്ചവർക്കുമാണ് പണം ലഭിക്കാനുള്ളത്. ഇടാപാടുകാർ നിക്ഷേപിച്ച തുകയ്‌ക്ക് പുറമെ കേരള ബാക് മുള്ളേരിയ ശാഖയിലും ലക്ഷങ്ങളുടെ വായ്‌പാ ബാധ്യത ദേലംപാടി സർവീസ് സഹകരണ ബാങ്കിനുണ്ട്. നിലവിൽ അംഗങ്ങൾക്ക് വായ്‌പ നൽകിയ ഒരു കോടിയോളം രൂപ മാത്രമാണ് ബാങ്കിന് ആസ്‌തിയുള്ളത്. വായ്‌പ മുഴുവൻ തിരിച്ചുപിടിച്ചാലും നിക്ഷേപകരുടെ ബാധ്യത തീർക്കാൻ ബാങ്കിന് കഴിയില്ല. വിഷയത്തിൽ നിക്ഷേപകർ സഹകരണ വകുപ്പ് മന്ത്രിയുടെ ഇടപെടൽ ആവശ്യമാണെന്നാണ് നിക്ഷേപകർ പറയുന്നത്.
Most Read: മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി







































