ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്‌ചത്തേക്ക് മാറ്റി. തങ്ങള്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ മറുപടി തമിഴ്‌നാട് നല്‍കിയത് ഇന്നലെ രാത്രി മാത്രമാണെന്ന് കേരളം കോടതിയെ അറിയിച്ചു. മറുപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനത്തിലേക്ക് എത്താൻ സമയം വേണമെന്ന കേരളത്തിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. 22ന് കേസ് വീണ്ടും പരിഗണിക്കും.
പല ഹരജികള്‍ പല പേരുകളില്‍ ഫയല്‍ ചെയ്യുന്നുണ്ടെന്നും ഇത് ബുദ്ധിമുട്ടിക്കാനാണെന്നും തമിഴ്‌നാട് അഭിഭാഷക സംഘം അറിയിച്ചു. തമിഴ്‌നാടിന് വേണ്ടി ശേഖര്‍ നാഫ്‌ത ഉള്‍പ്പെടുന്ന സംഘവും കേരളത്തിനുവേണ്ടി ജയ്‌ദീപ് ഗുപ്‌തയുമാണ് കേസ് വാദിക്കുന്നത്. തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് അടുത്ത വാദത്തില്‍ കേരളം ആവശ്യപ്പെട്ടേക്കും.
പുതിയ അണക്കെട്ടാണ് നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന് നേരത്തെ സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കര്‍വ് തിരുത്തണം എന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്‌നാട് എതിര്‍ക്കും എന്ന് ഇതിനകം വ്യക്‌തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് പ്രകാരം നവംബര്‍ 30ന് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.
ഈ റൂള്‍ കര്‍വാണ് ജലകമ്മീഷന്‍ അംഗീകരിച്ചത്. ജലകമ്മീഷന്റെ നടപടി ശാസ്‌ത്രീയമോ യുക്‌തി സഹജമോ അല്ല എന്നാണ് കേരളത്തിന്റെ വാദം. നവംബര്‍ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്‌ക്കണമെന്ന് കേരളം ആവശ്യപ്പെടും. മുല്ലപ്പെരിയാര്‍ ഡാം ഉണ്ടാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും ഭീതിയും 5 ജില്ലകളിലെ ജനജീവിതത്തെ പ്രതികൂലമായി നേരിട്ട് ബാധിക്കുന്നുവെന്ന വസ്‌തുത സുപ്രീം കോടതിയെ ബോധിപ്പിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.
Read Also: ഹിറ്റായി ആർആർആറിലെ ‘കരിന്തോൾ’ പാട്ട്; അതിശയിപ്പിച്ച് രാം ചരണും ജൂനിയർ എൻടിആറും