മനാമ: ഒമാനില്‍ വിദേശ തൊഴിലാളികളുടെ എന്‍ഒസി സംവിധാനം നിര്‍ത്തലാക്കുന്നു. പ്രവാസികള്‍ക്ക് ഒരു തൊഴിലുടമയുടെ കീഴില്‍നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് നേരത്തെ നിലവില്‍ ഉണ്ടായിരുന്ന സംവിധാനമാണ് നീക്കുന്നത്. പദ്ധതി അടുത്ത വര്‍ഷം ആദ്യം നിലവില്‍ വരുമെന്ന് ബഹ്‌റൈനില്‍ നടന്ന 16ആമത് ഐഐഎസ്എസ് മനാമ ഡയലോഗില്‍ ഒമാന്‍ വിദേശ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയാണ് അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണില്‍ ആയിരുന്നു എന്‍ഒസി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഒമാന്‍ നടത്തിയത്. നിലവില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ തൊഴിലുടമയുടെ എന്‍ഒസി ആവശ്യമാണ്. എന്നാല്‍ അടുത്ത ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്നത് ഉള്‍പ്പടെ തൊഴില്‍ ഭേദഗതി പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത് രാജ്യത്തെ തൊഴില്‍ നയത്തിലെ സുപ്രധാന വികസനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം നടപ്പില്‍ വരുന്നതോടെ കരാര്‍ പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ ഒമാനില്‍ താമസിച്ചാലും, രാജ്യത്തിന് പുറത്താണെങ്കിലും എന്‍ഒസി ആവശ്യമുണ്ടാകില്ല. അടുത്ത വര്‍ഷം ജനുവരി ഒന്നിന് എന്‍ഒസി നീക്കം ചെയ്യുമെന്ന് ഈ വര്‍ഷം ആദ്യംതന്നെ ഒമാന്‍ ഭരണകൂടം വ്യക്‌തമാക്കിയിരുന്നു.
അതേസമയം സബ്‌സിഡികള്‍ ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും രാജ്യത്ത് നടപ്പിലാക്കുമെന്നും വിദേശ മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്ന പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കും. മാത്രവുമല്ല നൂറിലധികം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നതിനും ഒമാന്‍ പദ്ധതി ഇടുന്നുണ്ട്.
National News: കര്‍ഷക സമരം; ശരദ് പവാര്‍ രാഷ്‌ട്രപതിയെ കാണും