എലത്തൂർ: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തലാക്കിയ എലത്തൂർ റയിൽവേ ഗേറ്റ് പൂട്ടാനുള്ള നടപടി വീണ്ടും ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാത്രി പത്ത് മണി മുതൽ രാവിലെ ആറുമണിവരെ ഗേറ്റ് അടയ്‌ക്കാനാണ് റെയിൽവേയുടെ തീരുമാനം. പാലക്കാട് ഡിവിഷൻ ഓഫിസിൽ നിന്നാണ് ഇതിനുള്ള നിർദ്ദേശം നൽകിയത്. നിലവിൽ ഗേറ്റ് പൂട്ടണമെന്ന തീരുമാനത്തിൽ വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിലാണ് റെയിൽവേ.
രണ്ടാം ഘട്ടത്തിൽ ജനകീയ പ്രതിഷേധം അവഗണിച്ച് ഗേറ്റ് പൂർണമായി അടച്ചിടാനാണ് തീരുമാനം. ഇന്നലെ മുന്നറിയിപ്പില്ലാതെ ഗേറ്റ് അടച്ചതോടെ നിരവധി വാഹനങ്ങളാണ് ഗേറ്റിന് മുന്നിൽ കുടുങ്ങിപോയത്. നിലവിൽ രാത്രിയിലെ ഗേറ്റ് കീപ്പറുടെ ജോലി പ്ളാറ്റ് ഫോമിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, ആംബുലൻസിന് കടന്നു പോകാൻ മാത്രം ഗേറ്റ് തുറന്നു കൊടുക്കാനാണ് നിർദ്ദേശം. റെയിൽവേ അണ്ടർ ബ്രിഡ്‌ജിന്റെ പാരലൽ റോഡ് പൂർത്തിയായതോടെ ഗേറ്റ് അടച്ചിടാൻ കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി നേരത്തേ ഉത്തരവ് നൽകിയിരുന്നു.
എന്നാൽ, വൻ ജനരോക്ഷത്തെ തുടർന്ന് റെയിൽവേ നടപടിയിൽ നിന്ന് പിൻമാറുകയായിരുന്നു. നടപടി മരവിപ്പിച്ചിരുന്നില്ല. ഗേറ്റ് അടക്കുന്നത് മൂലം റെയിൽവേയുടെ കിഴക്ക് ഭാഗത്തെ അഞ്ഞൂറിലേറെ കുടുംബങ്ങളുടെ യാത്രാമാർഗമാണ് ഇല്ലാതാകുന്നത്. ഗേറ്റ് അടക്കാനുള്ള മുൻ തീരുമാനം ജനങ്ങൾ എതിർത്തതിനാൽ ഇനിയുള്ള നീക്കങ്ങൾ അതീവ രഹസ്യമായാണ് നടത്തുക.
മുൻപ് ഗേറ്റ് പൂട്ടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിനെ തുടർന്ന് റയിൽവേ ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. ഇതുമൂലം എട്ടു ജീവനക്കാരിൽ നാലുപേരെ മറ്റു സ്‌റ്റേഷനുകളിലേക്ക് സ്‌ഥലം മാറ്റുകയും ചെയ്‌തിരുന്നു. എന്നാൽ, സംസ്‌ഥാന സർക്കാരിന്റെ സഹായത്തോടെ നിർമിച്ച അടിപ്പാതയും എച്ച്പിസിഎല്ലിന്റെ സഹായത്തോടെ ഒരുക്കുന്ന സമീപ റോഡും ചൂണ്ടിക്കാട്ടി ഗേറ്റ് പൂട്ടാനുള്ള റെയിൽവേയുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രദേശത്തെ കർമസമിതി.
Read Also: കാട്ടാനശല്യം അതിരൂക്ഷം; പുഴമൂലയിൽ വ്യാപക കൃഷിനാശം








































