തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുരക്ഷ കൂട്ടിയത്. സംസ്ഥാനത്ത് പലയിടങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കാനാണ് സാധ്യത. ഇത് കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ സുരക്ഷ കൂട്ടിയത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും അദ്ദേഹം യാത്ര ചെയ്യുന്ന ഇടങ്ങളിലും സുരക്ഷ കൂട്ടി. കറൻസി കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മണ്ഡലാടിസ്ഥാനത്തിൽ കരിങ്കൊടിയുമായി പ്രതിഷേധം നടത്തി കരിദിനം ആചരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിൽ ബിരിയാണി ചെമ്പുമായി വന്ന് പ്രതിഷേധം നടത്തിയിരുന്നു. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചിരുന്നു.
മുഖ്യമന്ത്രി, മകൾ, ഭാര്യ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ മന്ത്രിമാർ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയ ഇടപാടിൽ പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ബിരിയാണി ചെമ്പിൽ ലോഹ വസതുക്കൾ കടത്തിയതടക്കമുള്ള പുതിയ വിവരങ്ങളും മൊഴിയിലുണ്ട്.
Read Also: ഗ്യാൻവാപി കേസ്; വാരണാസി ജില്ലാ ജഡ്ജിക്ക് ഭീഷണിക്കത്ത്








































