തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ളൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം. സബ്സിഡിയുള്ള 13 ഉൽപ്പന്നങ്ങളിൽ പകുതിയിലേറെയും പലയിടങ്ങളിലും ലഭ്യമല്ല. ഓണത്തിന് ശേഷം സാധനങ്ങൾ എത്തിയിട്ടില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. എന്നാൽ, 3,700 കോടിയിലേറെ കുടിശിക കിട്ടാനുള്ള സപ്ളൈകോയുടെ പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന് വ്യക്തതയില്ലാതെ നട്ടംതിരിയുകയാണ് സർക്കാർ.
സബ്സിഡിയുള്ള 13 ഉൽപ്പന്നങ്ങളിൽ അഞ്ചെണ്ണം പോലും എവിടെയും കിട്ടാനില്ല. അരി, പഞ്ചസാര അടക്കമുള്ള അവശ്യ വസ്തുക്കൾക്ക് പോലും കടുത്ത ക്ഷാമം നേരിടുകയാണ്. പഞ്ചസാരയും വൻപയറും വന്നിട്ട് രണ്ടുമാസമായി. സാധനങ്ങൾക്കായി സപ്ളൈകോയിൽ കയറിയിറങ്ങി മടുത്തതായും ഉപഭോക്താക്കൾ പറയുന്നു.
3700 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് സപ്ളൈകോയ്ക്ക് കിട്ടാനുള്ളത്. ഇതിൽ 2700 കോടി രൂപ സംസ്ഥാന സർക്കാരിന്റെ കുടിശികയാണ്. 850 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും മുടങ്ങിക്കിടക്കുകയാണ്. 2012 മുതൽ ഇതുവരെ വിപണി ഇടപെടലിനായി സബ്സിഡി ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ 1525 കോടി രൂപയാണ് സപ്ളൈകോ ചിലവഴിച്ചത്. എന്നാൽ, ഇതിൽ പലതവണകളായി സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ചത് 140 കോടി മാത്രമാണ്.
വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, തൊഴിൽ സാമൂഹ്യനീതി വകുപ്പുകൾ വഴി ലഭ്യമാക്കിയ ഭക്ഷ്യക്കിറ്റ് ഇനത്തിലും 200 കോടി രൂപ സപ്ളൈകോയ്ക്ക് കിട്ടാനുണ്ട്. ചിലവഴിച്ച തുക മുടങ്ങി കിടക്കുമ്പോൾ കരാറുകാർക്ക് 600 കോടി രൂപ സപ്ളൈകോയും നൽകി. ഇതാണ് കാലിയായ റാക്കുകൾക്ക് കാരണവും.
സാമ്പത്തിക ബാധ്യത പ്രവർത്തനത്തെ ബാധിക്കുന്ന അവസ്ഥയിലാണ് സപ്ളൈകോ സിഎംഡിയുടെ ചുമതലയുള്ള ശ്രീറാം വെങ്കിട്ടരാമൻ ഭക്ഷ്യമന്ത്രിക്ക് കത്തയച്ചത്. എന്നാൽ, കുടിശിക അനുവദിക്കുന്നതിലോ, സബ്സിഡി ഉൽപ്പന്നങ്ങളുടെ വില ഉയർത്തുന്നതിലോ ഭക്ഷ്യവകുപ്പിന് ഒന്നും ചെയ്യാനാകില്ല. കാലിയായ ഖജനാവ് ചൂണ്ടി സപ്ളൈകോ കുടിശികയിൽ തൽക്കാലം തീരുമാനമില്ലെന്ന് കൈലമർത്തുകയാണ് ധനവകുപ്പ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സബ്സിഡി ഉൽപ്പന്നങ്ങളുടെ വില കൂട്ടുന്നതിൽ ഇടതുമുന്നണിയിലും ആശയക്കുഴപ്പമുണ്ട്.
Most Read| യുദ്ധം ഉടൻ നിർത്തണമെന്ന് യുഎൻ പൊതുസഭ; പ്രമേയം പാസാക്കി