തിരുവനന്തപുരം: അരിയടക്കമുള്ള നിത്യോപയോഗ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ളൈകോ. കുറുവ അരിക്കും തുവരപരിപ്പിനും ഉൾപ്പടെ വില വർധിപ്പിച്ചിട്ടുണ്ട്. സപ്ളൈകോയുടെ ഓണം ഫെയറുകളുടെ സംസ്‌ഥാനതല ഉൽഘാടനം ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് വിലവർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നും 33 ആയി. തുവരപരിപ്പിന് 111 രൂപയിൽ നിന്ന് 115 രൂപയാക്കി ഉയർത്തി. മട്ട അരിക്ക് 30 രൂപയിൽ നിന്ന് 33 ആക്കി. പഞ്ചസാരക്ക് 27 രൂപ ഉണ്ടായിരുന്നത് 33 ആയി വർധിപ്പിച്ചു. അതേസമയം, ചെറുപയറിന് വില കുറഞ്ഞിട്ടുണ്ട്. ഒരുകിലോ ചെറുപയറിന് 92 രൂപ ഉണ്ടായിരുന്നത് 90 രൂപ ആക്കിയിട്ടുണ്ട്.
നേരത്തെ സപ്ളൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. സബ്‌സിഡി ഇനത്തിൽപ്പെട്ട നാല് അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിപ്പിച്ചിട്ടില്ലാത്തത്. അതേസമയം, ഇ- ടെൻഡറിലുണ്ടായ വിലവർധനവാണ് അവശ്യ സാധനങ്ങൾക്ക് വില ഉയർത്താനുള്ള കാരണമെന്നാണ് സർക്കാർ വിശദീകരണം.
അതിനിടെ, സപ്ളൈകോ ഓണം ഫെയർ സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. വൈകിട്ട് തിരുവനന്തപുരം കിഴക്കേക്കോട്ട ഇകെ നായനാർ പാർക്കിലാണ് ചടങ്ങ്. ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജിആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യ വിൽപ്പന നടത്തും.
ഈ മാസം അഞ്ചുമുതൽ 11 വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഈ മാസം ആറുമുതൽ 14 വരെ ജില്ലാ ആസ്‌ഥാനങ്ങളിൽ പ്രത്യേക സജ്‌ജീകരണങ്ങളോടെ ജില്ലാതല ഫെസ്‌റ്റുകളും സംഘടിപ്പിക്കുന്നുണ്ട്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ