ന്യൂഡെൽഹി: കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ, രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ. 19 കിലോ ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ 993 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.
ഇതോടെ സിലിണ്ടർ വില 3000 കടന്നു. രാജ്യതലസ്‌ഥാനമായ ഡെൽഹിയിൽ സിലിണ്ടറിന്റെ വില 3071.50 രൂപയായി ഉയർന്നു. മുംബൈയിൽ 2031 രൂപയിൽ നിന്നും 3024 രൂപയായി വർധിച്ചു. 3085 രൂപയാണ് ഇന്ന് പ്രാബല്യത്തിൽ വന്നവിധം കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ.
ഫെബ്രുവരി 28ന് പശ്‌ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മാർച്ചിൽ 144 രൂപയുടെ വർധനവ് ഉണ്ടായപ്പോൾ ഏപ്രിൽ ഒന്നിന് 200 രൂപയുടെ വർധനയുണ്ടായി. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.
തുടർച്ചയായുള്ള ഈ വിലവർധനവ് ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, മറ്റു ചെറുകിട വ്യവസായങ്ങൾ എന്നിവയെ സാരമായി ബാധിക്കും. പ്രവർത്തനച്ചിലവ് കുത്തനെ ഉയരുന്നതോടെ വിലക്കയറ്റത്തിനും സാധ്യതയുണ്ട്. വോട്ട് ചെയ്യാനും മറ്റും നാടുകളിലേക്ക് പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്താത്തത് കേരളത്തിലെ ഹോട്ടൽ/ റെസ്‌റ്റോറന്റ് മേഖലയെ ഇതിനോടകം തന്നെ സാരമായി ബാധിച്ചിട്ടുണ്ട്.
എൽപിജി നിയന്ത്രണം ഒട്ടേറെ ഹോട്ടലുകൾ അടച്ചിടുന്നതിലേക്കും വഴിവെച്ചിരുന്നു. ഇതിനിടെയാണ് ഇടിത്തീ പോലെ ഗ്യാസ് വിലക്കയറ്റം. അതേസമയം, പെട്രോൾ, ഡീസൽ വിലകളിൽ നിലവിൽ മാറ്റമില്ല. നിലവിൽ പ്രീമിയം പെട്രോൾ, അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയ്‌ക്ക് ആഗോള വിപണിക്ക് അനുസൃതമായി വില വർധിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂസ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുകയാണ്. അതിനിടെ, രാജ്യത്ത് ആവശ്യത്തിന് ക്രൂഡ് ഓയിൽ സ്‌റ്റോക്കുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില വർധനക്കും സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഇത് തള്ളിയിരുന്നു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ


































