ന്യൂഡെൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാൻ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രശാന്ത് കിഷോറും എൻസിപി നേതാവായ ശരദ് പവാറും തമ്മിൽ കൂടിക്കാഴ്ചകൾ നടന്നതോടെ മൂന്നാം മുന്നണിയുടെ സാധ്യതകൾ ഉയർന്നുവന്നിരുന്നു . ഈ കൂടിക്കാഴ്ചകൾക്ക് ശേഷം രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിതര പ്രതിപക്ഷ പാർട്ടികളുടെ യോഗം എൻസിപി നേതാവ് ശരദ് പവാർ വിളിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് നാലിന് പവാറിന്റെ വസതിയിൽ ചേരുന്ന യോഗത്തിലേക്ക് സിപിഎമ്മും സിപിഐയും, തൃണമൂലും, എഎപിയും ഉൾപ്പെടെ പന്ത്രണ്ടോളം പാർട്ടികളെ ക്ഷണിച്ചിട്ടുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം.
എന്നാൽ ബിജെപിക്കെതിരെ മൂന്നാം മുന്നണി ഫലപ്രദമാകില്ലെന്നും താൻ അതിൽ നിന്ന് അകന്നു നിൽക്കുകയാണെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കിയതോടെ ഇന്നത്തെ യോഗത്തിന്റെ പ്രാധാന്യം വർധിക്കുകയാണ്. പവാറുമായി രാഷ്ട്രീയ കാര്യങ്ങളാണ് താൻ സംസാരിച്ചതെന്ന് പറഞ്ഞ പ്രശാന്ത് കിഷോർ എന്നാലത് മൂന്നാം മുന്നണിയെ കുറിച്ചല്ലെന്നും വ്യക്തമാക്കി. പവാറുമായുളള കൂടിക്കാഴ്ച ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു
Read Also: കോൺഗ്രസിൽ പക്വതയുള്ള നേതാക്കളുണ്ട്, അവർ ചിന്തിക്കട്ടെ; യശ്വന്ത് സിൻഹ






































