ന്യൂഡെൽഹി: മാരത്തൺ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തു വിടാനാകാതെ കോൺഗ്രസ്. കേരളത്തിലെ മുതിർന്ന നേതാക്കളെല്ലാം തലസ്ഥാനത്ത് ക്യാംപ് ചെയ്തിട്ടും, ഹൈക്കമാന്ഡിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടും ഗ്രൂപ്പ് കളികളിൽ ആടിയുലയുകയാണ് പാർട്ടിയുടെ സ്ഥാനാർഥി പട്ടിക. ഞായറാഴ്ച പൂർണമായ പട്ടിക പുറത്തുവിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞെങ്കിലും അന്ന് അന്തിമ തീരുമാനം ഉണ്ടാകുമോയെന്ന് മുതിർന്ന നേതാക്കൾക്ക് പോലും ഉറപ്പില്ല.
ആകെ 91 സീറ്റിൽ കോൺഗ്രസ് മൽസരിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ അറിയിച്ചത്. ഇതിൽ 81 സീറ്റുകളുടെ കാര്യത്തിൽ നിലവിൽ തീരുമാനം ആയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തീകരിച്ചുവെങ്കിൽ ഭാഗികമായി പട്ടിക പുറത്തുവിട്ടേനെ എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ അത്തരമൊരു തീരുമാനം കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
തീരുമാനം എടുത്തു കഴിഞ്ഞ മണ്ഡലങ്ങളിലെ പട്ടിക പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മുഴുവൻ പട്ടികയും ഞായറാഴ്ച മാത്രമേ പുറത്തുവിടുകയുള്ളു എന്നറിയിച്ച സാഹചര്യത്തിൽ കൂടുതൽ മണ്ഡലങ്ങൾ ഇപ്പോഴും അനിശ്ചിതത്വം നേരിടുകയാണ് എന്ന് മനസിലാക്കാം. 81 സീറ്റിലെ പട്ടിക പുറത്ത് വിട്ടിരുന്നങ്കിൽ അത്രയും മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഇന്നുമുതൽ പ്രചരണം ആരംഭിക്കാൻ സാധിക്കുമായിരുന്നു. ഇത്രയും മണ്ഡലങ്ങളിൽ മൂന്നു ദിവസത്തെ പ്രചരണം കളഞ്ഞുകുളിക്കുന്നത് എന്തിനെന്ന ചോദ്യം ഉദിക്കുന്നിടത്താണ് 81 സീറ്റിലെ തീരുമാനം ചോദ്യമാകുന്നത്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തരം വിവാദങ്ങൾ തിരിച്ചടിയാകുമെന്ന് അണികൾക്കിടയിലും സംസാരമുണ്ട്. സമ്പൂർണ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ ഇടതുമുന്നണി പ്രാചരണം ആരംഭിച്ചു കഴിഞ്ഞു. ഏറെ വിവാദങ്ങൾക്ക് ഇടനൽകിയ പൊന്നാനി മണ്ഡലത്തിൽ അടക്കം പ്രചാരണം ആരംഭിച്ചത് ഇടതുമുന്നണിക്ക് നേട്ടമാവും.
അതേസമയം അന്തിമപട്ടികയിൽ തീരുമാനം ആകുന്നത് വരെ മുല്ലപ്പള്ളി ഡെൽഹിയിൽ തുടരും. ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത്. എകെ ആന്റണി, രാഹുൽ ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ എന്നിവർ പങ്കെടുത്ത യോഗമാണ് അവസാന തീരുമാനം എടുക്കാതെ പിരിഞ്ഞത്. ഞായറാഴ്ച അന്തിമ തീരുമാനം എടുക്കുമെന്ന് അറിയിച്ചെങ്കിലും അതിലും നീളാനാണ് സാധ്യതയെന്ന് ഡെൽഹി വൃത്തങ്ങൾ പറയുന്നു.
Read Also: കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ







































